ജനുവരി മുതൽ ഓസ്‌ട്രേലിയയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നല്കാൻ അനുമതി

ഓസ്‌ട്രേലിയയിൽ അഞ്ച് വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നല്കാൻ അനുമതി നൽകി. ജനുവരി 10 മുതൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി.

അഞ്ച് വയസിനും 11 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫെഡറൽ സർക്കാരിന്റെ വാക്‌സിൻ പദ്ധതിയിലൂടെ ജനുവരി മുതൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കാം.

ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (ATAGI) അനുമതി നൽകിയതിന് പിന്നാലെ ജനുവരി 10 മുതലാണ് ഈ വിഭാഗത്തിലുള്ള കുട്ടികൾക്കും വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. ഫൈസർ വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്.

മാതാപിതാക്കൾക്കും കെയറർമാർക്കും, കുട്ടികളുടെ സംരക്ഷണത്തിന് ചുമതലയുള്ളവർക്കും, ഡിസംബർ അവസാനത്തോടെ കുട്ടികളുടെ വാക്‌സിനായുള്ള ബുക്കിംഗ് സാധ്യമാകും.

ജിപി ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി ഫാർമസികൾ, സംസ്ഥാന ക്ലിനിക്കുകൾ, ടെറിട്ടറി ക്ലിനിക്കുകൾ എന്നിവടങ്ങളിലാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക.

12 വയസിന് മേൽ പ്രായമുള്ളവർക്ക് നൽകുന്ന ഫൈസർ വാക്‌സിൻ ഡോസിന്റെ അളവിൽ മൂന്നിലൊന്നായിരിക്കും അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് നൽകുക.

രണ്ട് വാക്‌സിൻ ഡോസുകൾ തമ്മിൽ എട്ട് ആഴ്ചകളുടെ ഇടവേളയാണ് ATAGI നിർദ്ദേശിച്ചിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമാകുന്നത് പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഈ ഇടവവേള മൂന്നാഴ്ചയായി കുറയ്ക്കാമെന്നും നിർദ്ദേശിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിൽ ഇരുപത് ലക്ഷത്തിലധികം കുട്ടികൾക്ക് ഇത് വഴി കൊവിഡ് വാക്‌സിൻ ലഭ്യമാകും എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. 

വാക്‌സിനേഷൻ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള കണക്കുകളിൽ ഓസ്‌ട്രേലിയുടെ റെക്കോർഡ് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയിൽ അഞ്ചു വയസ് പ്രായമുള്ള കുട്ടികളിൽ 95 ശതമാനം പേരും മറ്റ് രോഗങ്ങൾക്കെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടുള്ളവരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികൾ വാക്‌സിനേഷൻ സ്വീകരിക്കുന്നത് വഴി സമൂഹ വ്യാപനം കുറയുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനായി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

അഞ്ചിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യ പ്രവർത്തകർക്ക് ഇതിനായുള്ള പരിശീലനം നൽകേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ആറ് വയസിനും 11 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുന്നതനായി മൊഡേണ വാക്‌സിനും പരിഗണിക്കുന്നുണ്ട്. TGA യിൽ നിന്നും ATAGI യിൽ നിന്നും ഇത് സംബന്ധിച്ചുള്ള തീരുമാനം ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version