മെൽബൺ: മെൽബണിലെ ഒരു പബ്ബിലേക്ക് കാർ ഇടിച്ച് കയറ്റി ഇന്ത്യൻ വംശജരായ രണ്ട് കുടുംബങ്ങളിലെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 66 കാരനായ ഓസ്‌ട്രേലിയക്കാരന് എതിരെ ഒന്നിലധികം വകുപ്പുകൾ ചുമത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം 5 ന് റോയൽ ഡെയ്‌ൽസ്‌ഫോർഡ് ഹോട്ടലിൽ നടന്ന അപകടത്തിന് പ്രതിയായ വില്യം സ്വലെയെ അറസ്റ്റ് ചെയ്തു. വിവേക് ഭാട്ടിയ (38), മകൻ വിഹാൻ (11), പ്രതിഭ ശർമ്മ (44), ഭർത്താവ് ജതിൻ കുമാർ (30), പ്രതിഭയുടെ ഒമ്പത് വയസ്സുള്ള മകൾ അൻവി എന്നിവരാണ് മരിച്ചത്.
ഭാട്ടിയയുടെ ഇളയ മകൻ അബിർ, ഭാര്യ രുചി എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. മൂന്ന് പതിറ്റാണ്ടായി ടൈപ്പ് വൺ പ്രമേഹമുള്ള സ്വലേയ്‌ക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മരണകാരണമാകുന്ന രീതിയിലുള്ള ഡ്രൈവിങ്, അശ്രദ്ധമായി വാഹനം ഓടിക്കുക, ഗുരുതരമായി പരുക്കേൽപ്പിക്കുക തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
അപകടത്തിന് 40 മിനിറ്റ് മുമ്പ്, വൈകുന്നേരം 5:17 ന് സ്വലെ രക്തത്തിലെ ഗ്ലൂക്കോസ്, നിരീക്ഷണ ഉപകരണം ഉപയോഗിച്ച് പരിശോധിച്ചിരുന്നതായി ഡിറ്റക്ടീവ് സർജന്റ് പീറ്റർ റൊമാനീസ് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
രക്തത്തിലെ ഗ്ലൂക്കോസ് സുരക്ഷിതമായ പരിധിക്ക് താഴെയാണെന്ന് കണ്ടെത്തിയിട്ടും സ്വലെ അത് അവഗണിച്ച് വാഹനം ഓടിക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് സർജന്റ് കോടതിയെ അറിയിച്ചു.
വൈകുന്നേരം 5:20 ന്, സ്വലെ തന്റെ വാഹനത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു വൈൻ ബാറിൽ പ്രവേശിച്ച് ഓർഡർ ചെയ്യുന്നതും സിസിടിവി ക്യാമറയിൽ കണ്ടതായി റൊമാനീസ് പറഞ്ഞു.
വൈകുന്നേരം 5:42 നും 5:44 നും അദ്ദേഹം വാഹനം ഓടിക്കുന്നത് ദൃശ്യങ്ങളിലുണ്ട് തുടർന്ന് 6:07 ന് ആൽബർട്ട് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുന്നതിനിടെ ബിഎംഡബ്ല്യുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
പബ്ബിന്റെ ഔട്ട്ഡോർ ഡൈനിങ് ഏരിയയിലെ മേശകളിൽ ഇരുന്ന ഭക്ഷണം കഴിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി.
റൊമാനീസ് പറയുന്നതനുസരിച്ച്, കൂട്ടിയിടിക്കുശേഷം സഹായിക്കാൻ ഓടിയെത്തിവർ സ്വാലെ വലിയ തോതിൽ വിയർക്കുന്നതായി കണ്ടു. കോടതി സ്വാലെയെ വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു.