സ്‌കിൽഡ് വിസ നടപടികൾ വേഗത്തിലാക്കുമെന്ന് ഓസ്ട്രേലിയ

ഓസ്‌ട്രേലയിലേക്കുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ വിസ നടപടികൾ വേഗത്തിലാക്കുവാൻ സർക്കാർ തീരുമാനിച്ചു. വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുവാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി.

ലേബർ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നാഷണൽ കാബിനറ്റ് മീറ്റിംഗ് ആണ് ഇന്ന് നടന്നത്. സംസ്ഥാന പ്രീമിയർമാരും, മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ തൊഴിലാളി ക്ഷാമം ചർച്ചയായി. കുടിയേറ്റ നടപടികൾ വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളും ടെറിട്ടറികളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കുടിയേറ്റ സംവിധാനം കൊവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് വിമുക്തമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആന്തണി അൽബനീസി, വിസ അപേക്ഷകൾ വേഗത്തിലാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ നിലവിൽ തൊഴിൽ വിസ ലഭിക്കുന്നതിനായി 12 മുതൽ 18 മാസം വരെ കാത്തിരിക്കേണ്ടതുണ്ട്. ഹൃസ്വകാല കുടിയേറ്റം ഒരു പരിധിവരെ ഇതിനു പരിഹാരമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അപേക്ഷകളിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും, ബാക്ക് ലോഗുകൾ പരിഹരിക്കുന്നതിനും ആഭ്യന്തരകാര്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു വേണ്ടി മറ്റു ചുമതലകൾ വഹിക്കുന്ന ജീവനക്കാരെ കൂടുതലായി നിയോഗിക്കുമെന്നും അൽബനീസി അറിയിച്ചു.

ഹൃസ്വകാല കുടിയേറ്റം വർദ്ധിപ്പിക്കുവാനുള്ള നടപടികളും നാഷണൽ കാബിനറ്റ് ചർച്ച ചെയ്തു. നിലവിലെ തൊഴിൽ പ്രതിസന്ധിക്കുള്ള താത്കാലിക പരിഹാരമെന്ന നിലയിലാണ് ഹൃസ്വകാല കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version