ബൂസ്റ്റർ ഡോസിനുള്ള ഇടവേള വീണ്ടും കുറച്ചു

ജനുവരി 4 മുതൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നിനുള്ള ഇടവേള 4 മാസമാക്കി കുറക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. ജനുവരി 31 മുതൽ, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.

ഓസ്ട്രേലിയയിൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നിനുള്ള ഇടവേള 4 മാസമാക്കി കുറക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. പുതിയ നയം ജനുവരി 4 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ വാക്സിൻറെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 5 മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കഴിയുക.

ജനുവരി അവസാനത്തോടെ രണ്ടാമത്തെ ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള വീണ്ടും കുറക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 31 മുതൽ ബൂസ്റ്റർ ഡോസിനുള്ള ഇടവേള 4 മാസത്തിൽ നിന്ന് 3 ആയാണ് കുറയുക.

ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ(ATAGI) നിർദ്ദേശപ്രകാരം ജനുവരി 4 മുതൽ ബൂസ്റ്റർ ഡോസിനുള്ള യോഗ്യത കാലയളവ് കുറക്കുകയാണെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു. പുതിയ തീരുമാനത്തോടെ ബൂസ്റ്റർ ഡോസിനു അർഹതയുള്ളവരുടെ എണ്ണം നിലവിലുള്ള മുപ്പത്തിരണ്ട് ലക്ഷത്തിൽ നിന്നും ജനുവരി നാലോടെ എഴുപത്തിയഞ്ച് ലക്ഷമായി വർദ്ധിക്കുമെന്നും ഗ്രേഗ് ഹണ്ട് ചൂണ്ടി കാട്ടി.

ജനുവരി 31-ന് ബൂസ്റ്റർ ഡോസ് ലഭിക്കാനുള്ള കാലയളവ് മൂന്ന് മാസമായി ചുരുക്കുന്നതോടെ, 1.6 കോടി ഓസ്‌ട്രേലിയക്കാർ ബൂസ്റ്റർ ഡോസിന് അർഹരാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബൂസ്റ്റർ ഡോസിനുള്ള ദൈർഘ്യം കുറച്ചത് ഗുരുതരമായ രോഗങ്ങളുള്ളവരെ സംരക്ഷിക്കുന്നതിനും, ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ പോൾ കെല്ലി പറഞ്ഞു.

കൊവിഡ് വൈറസിനെതിരെ വാക്സിൻ നല്കുന്ന സംരക്ഷണം കാലക്രമേണ കുറയുമെങ്കിലും പെട്ടെന്ന് അവ അപ്രത്യക്ഷമാകില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകി.

മാസ്ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ച പ്രൊഫസർ പോൾ കെല്ലി കോവിഡ് പകരുന്നത് പ്രതിരോധിക്കാൻ ബൂസ്റ്റർ ഷോട്ടുകൾ ഫലപ്രദമാണെന്നും  കൂട്ടിച്ചേർത്തു.

കടപ്പാട്: SBS മലയാളം

Exit mobile version