ഓസ്ട്രേലിയ PNG യിലേക്ക് 8,000 വാക്‌സിൻ ഡോസുകൾ അയയ്ക്കും

പാപുവ ന്യൂ ഗിനിയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവിടേക്ക് 8,000 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. കൂടാതെ PNG യിൽ നിന്നുള്ള വിമാനങ്ങൾക്കും ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തി.

പാപുവ ന്യൂ ഗിനിയിൽ (PNG) നൂറോളം കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ മരണസംഖ്യയിലും വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് PNG യിലേക്ക് കൂടുതൽ സഹായം എത്തിക്കുന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചത്.

ഇതിനായി 8,000 ആസ്ട്രസെനക്ക വാക്‌സിൻ ഡോസുകൾ PNG യിലേക്ക് അയക്കുമെന്ന് മോറിസൺ അറിയിച്ചു.

PNG യുടെ തലസ്ഥാനമായ പോർട്ട് മോർസ്‌ബിയിലാണ് വാക്‌സിനേഷൻ വിതരണം ആദ്യം ആരംഭിക്കുന്നത്. ഇതിന് ശേഷമാകും മാറ്റ് സംസ്ഥാനങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുക.

വാക്‌സിന് പുറമെ ഒരു മില്യൺ സർജിക്കൽ മാസ്കുകളും, PPE കിറ്റുകളും, ഒരു ലക്ഷം സാനിറ്റൈസർ കുപ്പികളും, 20,000 ഫേസ് ഷീൽഡുകളും, വെന്റിലേറ്ററുകളും PNG യിലേക്ക് അയയ്ക്കുമെന്ന് മോറിസൺ അറിയിച്ചു.

കൂടാതെ മൂന്ന് പേരടങ്ങുന്ന ഒരു സംഘത്തെ ഓസ്ട്രേലിയ PNG യിൽ നിയോഗിക്കുമെന്നും PNG യിലെ ആരോഗ്യ സംവിധാനങ്ങളിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങാൻ സഹായിക്കുമെന്നും വിദേശകാര്യ മന്ത്രി മരിസ പെയ്ൻ പറഞ്ഞു.

വൈറസ് ബാധ രൂക്ഷമാകുന്നതിനെത്തുടർന്ന് PNG യിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തി.

പോർട്ട് മോർസ്‌ബിയിൽ നിന്ന് കെയിൻസിലേക്കുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തി. കൂടാതെ PNG യിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കും തിരിച്ചും ജോലിക്കായി എത്തുന്ന FIFO ജോലിക്കാരെയും റദ്ദാക്കി.

കൂടാതെ പോർട്ട് മോർസ്‌ബിയിൽ നിന്ന് ബ്രിസ്‌ബൈനിലേക്ക് എത്തുന്ന വിമാനങ്ങളിൽ 75 ശതമാനം യാത്രക്കാരെ മാതമേ അനുവദിക്കൂ. ഇത് ബുധനാഴ്ച അർധരാത്രി മുതൽ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയിലാണ് PNG യിൽ കൊറോണ കൂടുതലായി പടർന്നു പിടിക്കാൻ തുടങ്ങിയതെന്നും പോർട്ട് മോറിസ്‌ബിയിലെ ആശുപത്രികളിൽ എത്തുന്ന ഗർഭിണികളിൽ പകുതി പേർക്കും കോവിഡ് ബാധ കണ്ടെത്തുന്നുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. പോൾ കെല്ലി പറഞ്ഞു.

നിലവിൽ ക്വീൻസ്ലാന്റിൽ സജ്ജീവമായിട്ടുള്ള കേസുകളിൽ പകുതിയും ഇവിടെനിന്നുള്ളതാണ്.

2,269 കേസുകളാണ് മാർച്ച് ഒമ്പത് മുതൽ PNG യിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇതുവരെ 26 മരണം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version