ആസ്ട്രസെനക്ക വാക്‌സിൻ വിതരണം നാളെ മുതൽ
ഓസ്‌ട്രേലിയയിൽ ദേശവ്യാപകമായി ആസ്ട്രസെനക്ക വാക്‌സിന്റെ ആദ്യ ഡോസ് വിതരണം വെള്ളിയാഴ്ച തുടങ്ങും. സൗത്ത് ഓസ്‌ട്രേലിയയിലാണ് വാക്‌സിനേഷൻ ആദ്യം തുടങ്ങുന്നത്.
രാജ്യത്ത് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ (TGA) വിതരണാനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് ആസ്ട്രസെനക്ക. ഇതിന്റെ 3,00,000 ഡോസുകൾ കഴിഞ്ഞ ദിവസം സിഡ്‌നിയിൽ എത്തിയിരുന്നു.
ഇവ പരിശോധിച്ച TGA വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച മുതൽ വാക്‌സിൻ വിതരണം തുടങ്ങുന്നത്.
വാക്‌സിൻ എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തു. സൗത്ത് ഓസ്‌ട്രേലിയയിലാണ് ആസ്ട്രസെനക്ക വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്യുന്നത്.
അഡ്‌ലൈഡിലെ മുറെ ബ്രിഡ്‌ജിലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ ആദ്യം നൽകുക.
ഇതിനായുള്ള ഡോസുകൾ മുറെ ബ്രിഡ്‌ജിലെത്തി. വാക്‌സിനേഷൻ പദ്ധതി സുരക്ഷിതമായി നടപ്പാക്കാൻ കർശന നടപടികൾ കൈക്കൊണ്ടതായി മുറെ ബ്രിഡ്ജ് ആശുപത്രിയിലെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ഡയറക്ടർ ഷാരോൺ ഹാരിസൺ പറഞ്ഞു.
വെള്ളിയാഴ്ച് രാവിലെ ഒമ്പത് മണിക്കാണ് വിതരണം ആരംഭിക്കുന്നതെന്നും ഏതാണ്ട് 90 ജീവനക്കാർക്ക് ആദ്യ ദിവസം തന്നെ വാക്‌സിൻ നൽകാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഷാരോൺ പറഞ്ഞു.
ഫൈസർ വാക്‌സിനിൽ നിന്ന് വ്യത്യസ്തമായി, ഫ്രിഡ്ജിലെ താപനിലയിൽ തന്നെ ഈ വാക്‌സിൻ സൂക്ഷിക്കാം. ഇത് വിതരണം കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചകൾക്ക് ശേഷമാണ് രണ്ടാം ഡോസ് നൽകുക.
ആസ്ട്രസേനക്കയുടെ 50 മില്യൺ ഡോസുകൾ ഓസ്‌ട്രേലിയയിലുള്ള CSL കമ്പനി നിർമിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഫെബ്രുവരി 22നാണ് കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്. TGA ആദ്യം അനുമതി നൽകിയ ഫൈസർ വാക്‌സിന്റെ വിതരണമാണ് രാജ്യത്ത് ആരംഭിച്ചത്.
പ്രതീക്ഷിച്ച വേഗതയിൽ വാക്‌സിൻ വിതരണം നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
കടപ്പാട്: SBS മലയാളം