ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം അടുത്തയാഴ്ച

ഓസ്‌ട്രേലിയയിൽ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ വിതരണാനുമതി ലഭിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ ആദ്യ ഡോസ് മാർച്ച് എട്ട് മുതൽ വിതരണം ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നു. വാക്‌സിന്റെ മൂന്ന് ലക്ഷം ഡോസുകൾ രാജ്യത്തെത്തി.

ഓസ്‌ട്രേലിയയിൽ രണ്ടാമത് വിതരണാനുമതി ലഭിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ ആദ്യ ഡോസ് ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലെത്തിയത്.

വാക്‌സിന്റെ മൂന്ന് ലക്ഷം ഡോസുകൾ വിദേശത്ത് നിന്ന് സിഡ്നി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.

വടക്കൻ സിഡ്‌നിയിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ആസ്ട്രസെനക്കയുടെ ആദ്യ ബാച്ച് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പരിശോധിക്കും.

രാജ്യത്ത് മാർച്ച് എട്ട് മുതൽ ഇത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ആസ്ട്രസെനക്കയുടെ 53.8 മില്യൺ ഡോസുകളാണ് ഓസ്ട്രേലിയ വാങ്ങിയിരിക്കുന്നത്. ഇതിൽ 3.8 മില്യൺ ഡോസുകളാണ് വിദേശത്ത് നിന്നെത്തിയത്.

വാക്‌സിൻ നിർമാണത്തിന്റെ ചുമതലയുള്ള CSL കമ്പനി ബാക്കി 50 മില്യൺ ഡോസുകൾ രാജ്യത്ത് തന്നെ നിർമിക്കും. മാർച്ച് അവസാനത്തോടെ ആഴ്ചയിൽ ഒരു മില്യൺ ഡോസുകൾ എന്ന കണക്കിൽ ഇവ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ഭൂരിഭാഗം പേർക്കും ഈ വാക്‌സിനാകും ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചകൾക്ക് ശേഷമാണ് ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ടാമെത്തെ ഡോസ് സ്വീകരിക്കേണ്ടത്.

അതേസമയം ഫൈസർ വാക്‌സിൻറെ രണ്ടാമത്തെ ഡോസ് 21 ദിവസങ്ങൾക്ക് ശേഷം സ്വീകരിക്കാം.

രാജ്യത്ത് ഫെബ്രുവരി 22ന് ആരംഭിച്ച ഫൈസർ വാക്‌സിൻ വിതരണം ഒരാഴ്ച പിന്നിട്ടപ്പോൾ ഏതാണ്ട് 30,000 പേർക്ക് നൽകാൻ കഴിഞ്ഞതായി സർക്കാർ അറിയിച്ചു.

രാജ്യത്തെ 117 ഏജ്ഡ് കെയർ കേന്ദ്രങ്ങളിലും ഡിസെബിലിറ്റി കേന്ദ്രങ്ങളിലും കഴിയുന്ന 8,110 പേർ വാക്‌സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version