ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ

ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ ഫെബ്രുവരി മധ്യത്തോടെ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ആഴ്ചയിൽ 80,000 പേർക്ക് വീതം വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മോറിസൺ പറഞ്ഞു.

ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ നിശ്ചയിച്ചതിലും നേരത്തെ വിതരണം ചെയ്ത് തുടങ്ങുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരുന്നു.

മാർച്ച് ആദ്യം മുതൽ നൽകി തുടങ്ങുമെന്നാണ് സർക്കാർ ബുധനാഴ്ച അറിയിച്ചത്. എന്നാൽ ഇത് കുറച്ചു കൂടി നേരത്തെയാക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരി മധ്യത്തോടെയോ അവസാനത്തോടെയോ വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരുമായി ഇടപഴകുന്നവർക്കും, ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും, മുൻനിര ആരോഗ്യ പ്രവർത്തകർക്കും, ഏജ്ഡ് കെയർ ജീവനക്കാർക്കുമാകും വാക്‌സിൻ നൽകി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരിയിൽ നൽകി തുടങ്ങുന്ന വാക്‌സിൻ ആഴ്ചയിൽ 80,000 പേർക്ക് വീതം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി മാർച്ച് അവസാനത്തോടെ നാല് മില്യൺ പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, തെറാപ്യൂട്ടിക് ഗുഡ്സ് അഡ്‌മിസ്‌ട്രേഷന്റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. മാത്രമല്ല വിതരണക്കാരിൽ നിന്നും വാക്‌സിൻ ലഭിക്കുകയും വേണം. അതിനാൽ നാല് മില്യൺ എന്ന ലക്‌ഷ്യം യാഥാർത്ഥ്യമാക്കൻ ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം നൽകുക ഫൈസർ വാക്‌സിൻ

ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻ‌ടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാകും ആദ്യം നല്കി തുടങ്ങുക. ജനുവരി അവസാനത്തോടെ ഈ വാക്‌സിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ ഇപ്പോൾ.

അഞ്ച് മില്യൺ പേർക്ക് നല്കാൻ കഴിയുന്ന വിധത്തിൽ ഈ വാക്‌സിന്റെ 10 മില്യൺ ഡോസാണ് ഓസ്ട്രേലിയ വാങ്ങിയിരിക്കുന്നത്.

കൂടാതെ 54 മില്യൺ ആസ്ട്രസെനക്കയുടെ വാക്‌സിനും ഓർഡർ ചെയ്തിട്ടുണ്ട്.

എന്നാൽ സ്വന്തം താത്പര്യപ്രകാരം മുൻപോട്ടു വരുന്നവർക്കാണ് വാക്‌സിൻ നൽകുന്നതെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

ആദ്യം വാക്‌സിൻ സ്വീകരിക്കുന്നവരിൽ പ്രധാനമന്ത്രിയും മുതിർന്ന നേതാക്കളും

വാക്‌സിൻ നൽകുന്നതിനുള്ള മുൻഗണനാ പട്ടികയിൽ ഇല്ലെങ്കിലും, ജനങ്ങൾക്ക് ആത്മവിശ്വാസം നല്കാൻ തങ്ങൾ വാക്‌സിൻ സ്വീകരിക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

പ്രധാനമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, ഷാഡോ ആരോഗ്യ മന്ത്രി എന്നിവരാകും ആദ്യം വാക്‌സിൻ സ്വീകരിക്കുക.

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരെ അഞ്ച് വിഭാഗങ്ങളാക്കി തിരിക്കുമെന്നും രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെ ആദ്യം പരിഗണിക്കുമെന്നും മുൻ ചീഫ് ഹെൽത് ഓഫീസർ ബ്രെണ്ടൻ മർഫി പറഞ്ഞു.

ഏറ്റവും അവസാനമാകും കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതെന്നും മർഫി ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version