രാജ്യാന്തര യാത്രകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയ കൊവിഡ് വാക്‌സിൻ പാസ്പോർട്ട് വിതരണം ചെയ്യും. ഒക്ടോബർ മുതൽ വാക്‌സിൻ പാസ്പോർട്ട് നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഒന്നര വർഷത്തിലേറെയായി രാജ്യാന്തര അതിർത്തി അടഞ്ഞുകിടക്കുകയാണ്. ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും മാത്രമേ രാജ്യത്തേക്കെത്താൻ അനുവാദമുള്ളൂ.
കൊവിഡ് വാക്‌സിൻ വിതരണം 80 ശതമാനം ആകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കാനുള്ള പദ്ധതിയിലാണ് ഓസ്‌ട്രേലിയൻ സർക്കാർ.
ഓസ്‌ട്രേലിയയിലേക്കെത്താൻ വാക്‌സിൻ പാസ്പോർട്ട് ആവശ്യമായി വന്നേക്കുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്ക് കൊവിഡ് വാക്‌സിൻ പാസ്പോർട്ട് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റൈൻ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചത്.
ഇത് സാധ്യമാക്കാൻ യാത്രക്കാർ വാക്‌സിൻ സ്വീകരിച്ചു എന്ന് ഉറപ്പാക്കണം. ഇതിനായാണ് കൊവിഡ് വാക്‌സിൻ പാസ്പോർട്ട് വിതരണം ചെയ്യുന്നത്.
ഒക്ടോബർ മുതൽ നൽകി തുടങ്ങുന്ന വാക്‌സിൻ പാസ്‍പോർട്ട്, യാത്രക്കാരുടെ ഫോണിലാകും ലഭ്യമാകുന്നത്. ഇവ പ്രിന്റ് ചെയ്യാനും സാധിക്കും.
ജനങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ്, പാസ്പോർട്ട് ചിപ്പുമായി ബന്ധപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാത്രമല്ല, ഏത് വാക്‌സിനാണ് രാജ്യാന്തര യാത്ര ബബിളിനായി അംഗീകരിച്ചിരിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് വിദേശ രാജ്യങ്ങളുമായി ചർച്ചകളും നടക്കുന്നുണ്ട്.
എന്നാൽ, ക്വാറന്റൈൻറെ കാലയളവിൽ തീരുമാനമായിട്ടില്ല. നിലവിൽ വിദേശത്തു നിന്ന് എത്തുന്നവർക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ആണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
കൂടാതെ, വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം നൽകുകയുള്ളുവെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക് ഗവൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ച ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്നും, പല ബിസിനസുകളിലും പ്രവേശിക്കാൻ വാക്‌സിൻ പാസ്പോർട്ട് ആവശ്യമായി വന്നേക്കുമെന്നും വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവാദമുണ്ടാവില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയനും അറിയിച്ചിരുന്നു.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്തയാഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുമുണ്ട്.
നിലവിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ 39 ശതമാനം പേർ അഥവാ 16 വയസിന് മേൽ പ്രായമായ 80 ലക്ഷം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ഡിസംബർ 17 വരെ സർക്കാർ നീട്ടിയിട്ടുണ്ട്. രാജ്യാന്തര യാത്രകൾ എന്ന് സാധ്യമാകുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
കടപ്പാട്: SBS മലയാളം