ഓസ്ട്രേലിയയിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് പരീക്ഷാരീതിയിൽ താൽക്കാലിക മാറ്റം
ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ രജിസ്ട്രേഷന് ശ്രമിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന് കൂടുതൽ പരീക്ഷാ രീതികൾ അനുവദിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പല ഇംഗ്ലീഷ് ഭാഷാ പരീക്ഷകളും പൂർണ തോതിൽ നടക്കാത്തതുകൊണ്ടാണ് ഈ താൽക്കാലിക മാറ്റം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ഓസ്ട്രേലിയയിൽ നഴ്സായോ ഡോക്ടറായോ രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കണം.
ഇതിനായി നാല് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളാണ് ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസിയും (AHPRA), വിവിധ ദേശീയ ബോർഡുകളും അംഗീകരിച്ചിട്ടുള്ളത്.
IELTS, OET, PTE അക്കാദമിക്, TOEFL iBT എന്നിവയാണ് ഈ പരീക്ഷകൾ.
എന്നാൽ കൊവിഡ് തുടങ്ങിയ ശേഷം ഇതിൽ പല പരീക്ഷകളും പൂർണ തോതിൽ നടക്കുന്നില്ല. വിവിധ രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് പരീക്ഷകളുടെ ലഭ്യത കുറഞ്ഞത്.
രജിസ്ട്രേഷൻ ലഭിക്കുന്ന വിദേശനഴ്സുമാരുടെയും, ഡോക്ടർമാരുടെയുമെല്ലാം എണ്ണം കുറയാൻ ഇത് കാരണമായിട്ടുണ്ട്.
ഓസ്ട്രേലിയൻ അതിർത്തികൾ പൂർണമായി തുറന്നെങ്കിലും, ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ പൂർണതോതിൽ നടക്കാത്തത് വിദേശത്തു പഠിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കുമെല്ലാം രജിസ്ട്രേഷൻ ലഭിക്കാൻ തടസ്സമാകുകയാണ്.
ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷനായി അംഗീകരിക്കുന്ന ഇംഗ്ലീഷ് പരീക്ഷകളിൽ മാറ്റം കൊണ്ടുവരാൻ AHPRA തീരുമാനിച്ചത്.
വീട്ടിലിരുന്ന് കമ്പ്യൂട്ടർ മുഖേന ചെയ്യാവുന്ന ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകൾ കൂടി താൽക്കാലികമായി അംഗീകരിക്കാനാണ് തീരുമാനം.
OET കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, OET@ഹോം പരീക്ഷ എന്നിവയും, TOEFL iBT ഹോം എഡിഷൻ പരീക്ഷയുമാകും അംഗീകരിക്കുക.
ഫെബ്രുവരി 21 മുതലാണ് പുതിയ മാറ്റം നിലവിൽ വന്നത്. താൽക്കാലികമായാണ് ഈ മാറ്റം.
അടുത്ത വർഷം (2023) ഫെബ്രുവരി ഒന്നു വരെ ലഭിക്കുന്ന രജിസ്ട്രേഷൻ അപേക്ഷകൾക്ക് OET കമ്പ്യൂട്ടർ പരീക്ഷയും, OET@ഹോം പരീക്ഷയും അംഗീകരിക്കും.
ഈ വർഷം ജൂൺ ഒന്നു വരെ ലഭിക്കുന്ന അപേക്ഷകൾക്ക് മാത്രമായിരിക്കും TOEFL iBT ഹോം എഡിഷൻ പരീക്ഷ എഴുതാൻ കഴിയുക.
IELTS/PTE കമ്പ്യൂട്ടർ പരീക്ഷ അംഗീകരിക്കില്ല
ഓസ്ട്രേലിയയിൽ അംഗീരിച്ചിട്ടുള്ള മറ്റ് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളായ IELTSഉം PTE അക്കാഡമിക്കും ഓൺലൈൻ മുഖേനയുള്ള പരീക്ഷ നടത്തുന്നുണ്ട്.
എന്നാൽ അത് രജിസ്ട്രേഷനായി ഇപ്പോൾ അംഗീകരിക്കില്ലെന്ന് AHPRA എസ് ബി എസ് മലയാളത്തെ അറിയിച്ചു.
ഓസ്ട്രേലിയൻ രജിസ്ട്രേഷനു വേണ്ട ഇംഗ്ലീഷ് മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്ന കാര്യം AHPRAക്ക് കീഴിലുള്ള ദേശീയ ബോർഡുകൾ പരിശോധിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ IELTSഉം PTEയും അംഗീകരിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും AHPRA വ്യക്തമാക്കി.
ബ്രിട്ടൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കമ്പ്യൂട്ടർ അധിഷ്ഠിത ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ നേരത്തേ തന്നെ രജിസ്ട്രേഷനായി അംഗീകരിച്ചിരുന്നു.
ബ്രിട്ടനിൽ 2020 സെപ്റ്റംബർ മുതൽ തന്നെ OET@ഹോം പരീക്ഷ നഴ്സിംഗ് രജിസ്ട്രേഷനായി ഉപയോഗിക്കുന്നുണ്ട്.
മറ്റു രാജ്യങ്ങളിലുൾപ്പെടെയുള്ള റെഗുലേറ്ററി ബോർഡുകൾ ഇത് നടപ്പാക്കുന്ന രീതി പരിഗണിച്ച ശേഷമാണ് ഓസ്ട്രേലിയയിലും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ അംഗീകരിക്കാൻ തീരുമാനിച്ചതെന്ന് AHPRA വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം