ഇന്ത്യ-ഓസ്ട്രേലിയ സ്വതന്ത്ര വ്യാപാരകരാർ യാഥാർത്ഥ്യമായി

11 വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഓസ്ട്രേലിയയും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. ഓസ്ട്രേലിയൻ ഉത്പാദകർ ചൈനയെ ആശ്രയിക്കേണ്ടി വരുന്നതിൽ ഇതോടെ മാറ്റമുണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

“ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വിപണിയിലേക്ക് ഓസ്ട്രേലിയൻ ഉത്പാദകർക്കും കർഷകർക്കും വാതിൽ തുറക്കുന്നു” എന്ന പ്രഖ്യാപനത്തോടെയാണ് ഓസ്ട്രേലിയൻ സർക്കാർ ഈ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചത്.

2011ൽ തുടങ്ങിയ ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കിയത്. ചരിത്രപരമായ കരാറാണ് ഇതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടി.

ശനിയാഴ്ച ഉച്ചയ്ക്ക് ഓൺലൈൻ കൂടിക്കാഴ്ചയിലൂടെയാണ് ഇരു സർക്കാരുകളും കരാർ ഒപ്പുവച്ചത്.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 85 ശതമാനം ഓസ്ട്രേലിയൻ ഉത്പന്നങ്ങളുടെയും തീരുവ ഒഴിവാക്കുന്നതാണ് കരാറിന്റെ ഏറ്റവും പ്രധാന വ്യവസ്ഥകളിലൊന്ന്.

നിലവിൽ 169 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്നത്. അതിൽ, 126 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്കും ഇനി മുതൽ നികുതി ചുമത്തില്ല.

കമ്പിളി, കൽക്കരി, പയർവർഗ്ഗങ്ങൾ, കടൽവിഭവങ്ങൾ, ധാതുക്കൾ എന്നിവ ഉൾപ്പെടെയാകും ഇത്.

അടുത്ത പത്തു വർഷം കൊണ്ട് ഇത് 91 ശതമാനം ഉത്പന്നങ്ങൾക്കും (134കോടി ഡോളർ) ബാധകമാക്കും.

വീഞ്ഞിനും, അവൊക്കാഡോ, ആൽമണ്ട്, ബ്ലൂബറി, ഓറഞ്ച്, സ്ട്രോബറി തുടങ്ങി നിരവധി കാർഷിക ഉതപ്ന്നങ്ങൾക്കും ഘട്ടം ഘട്ടമായി തീരുവ കുറയ്ക്കും.

അതേസമയം, പാലുത്പന്നങ്ങൾ, കടല, ബീഫ് എന്നിവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്.

തിരിച്ച് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ 96 ശതമാനത്തിനും നികുതി ഒഴിവാക്കും.

ഇത് ഓസ്ട്രേലിയൻ വിപണിയിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങളുടെ വില കുറയുന്നതിന് ഇടയാക്കും.

2020ൽ ഓസ്ട്രേലിയയുടെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.

2035ഓടെ ഇന്ത്യയെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.

അതിലേക്ക് വഴി തുറക്കുന്നതാണ് ഈ സ്വതന്ത്ര വ്യാപാര കരാർ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുമായി കരാർ ഒപ്പുവച്ചതോടെ, ഓസ്ട്രേലിയൻ വിപണിക്ക് ചൈനയെ ആശ്രയിക്കേണ്ടി വരുന്നതിൽ കുറവുണ്ടാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

140 കോടിയോളം വരുന്ന ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് ഓസ്ട്രേലിയൻ സാമ്പത്തികരംഗത്തിനും തൊഴിൽ രംഗത്തിനും ഊർജ്ജം പകരുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version