2 കോടി ഡോസ് Pfizer വാക്സിൻ കൂടി ലഭിക്കും; ആസ്ട്രസെനക്കയ്ക്ക് നിരോധനമില്ല

ഓസ്ട്രേലിയയിൽ ആസ്ട്രസെനക്ക കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ, ഫൈസർ വാക്സിന്റെ രണ്ടു കോടി ഡോസുകൾ കൂടി ലഭ്യമാക്കാൻ സർക്കാർ കരാർ ഒപ്പുവച്ചു.

ആസ്ട്രസെനക്ക വാക്സിനെടുക്കുന്നവർക്ക് അപൂർവമായി രക്തം കട്ടപിടിക്കുന്നത് യൂറോപ്യൻ യൂണിയൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്, ഓസ്ട്രേലിയയിലെ വാക്സിനേഷൻ പദ്ധതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

രാജ്യത്ത് 50 വയസിനു താഴെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിനാകും ഇനി മുൻഗണന എന്ന് പ്രധാനമന്ത്രിപറഞ്ഞു.

ഓസ്ട്രേലിയയിൽ ഏറ്റവുമധികം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത് ആസ്ട്രസെനക്ക വാക്സിനായിരുന്നു. പുതിയ നിർദ്ദേശം വാക്സിനേഷൻ പദ്ധതിയെ ബാധിക്കുമെന്നും ആശങ്കയുയർന്നു.

ഈ സാഹചര്യത്തിലാണ് രണ്ടു കോടി ഡോസ് ഫൈസർ വാക്സിനുകൾ കൂടി ലഭ്യമാക്കാൻ സർക്കാർ കരാർ ഒപ്പുവച്ചത്.

ഈ വർഷം അവസാനത്തോടെ ഈ അധിക ഡോസുകൾ ഓസ്ട്രേലിയയിൽ എത്തുമെന്ന് ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു.

രണ്ടു കോടി അധികഡോസുകൾ കൂടി ലഭിക്കുന്നതോടെ, ഈ വർഷം ഓസ്ട്രേലിയയ്ക്ക് ആകെ ലഭിക്കുന്ന ഫൈസർ വാക്സിൻഡോസുകൾ നാലു കോടിയാകും.

വിവിധ വാക്സിനുകളുടെ 17 കോടി ഡോസുകൾ ലഭിക്കാനാണ് ഓസ്ട്രേലിയൻ സർക്കാർ ഇതുവരെ കരാർ ഒപ്പുവച്ചിരിക്കുന്നത്.

ചില മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, ആസ്ട്രസെനക്ക വാക്സിൻ ഓസ്ട്രേലിയയുടെ വാക്സിനേഷൻ പദ്ധതിയിൽ തുടർന്നും നിർണ്ണായക പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

ആസ്ട്രസെനക്കയ്ക്ക് “നിരോധനമോ വിലക്കോ” ഏർപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാർ തുടർന്നും ആസ്ട്രസെനക്ക വാക്സിൻ സ്വീകരിക്കും. 50 വയസിൽ താഴെയുള്ളവർക്ക് അത് സ്വീകരിക്കണമെന്നോ എന്നത് വ്യക്തിപരമായി തീരുമാനമെടുക്കാവുന്ന വിഷയമാകും.

പ്രായമേറിയവരെ കൊവിഡിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആസ്ട്രസെനക്ക വാക്സിൻ നിർണ്ണായകമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്സിൻ വിതരണത്തിന്റെ 1a, 1b എന്നീ ഘട്ടങ്ങളിൽ കൂടുതലും പ്രായമേറിയവരാണെന്നും, അതിനാൽ ആസ്ട്രസെനക്ക ഉപയോഗം തുടരുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ബ്രെണ്ടൻ മർഫി പറഞ്ഞു.

പത്തു ലക്ഷം പേർക്ക് ആസ്ട്രസെനക്ക വാക്സിൻ നൽകുമ്പോൾ നാലു മുതൽ ആറു വരെ പേർക്ക് മാത്രമാണ് രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തുന്നതെന്നും, ഇത് അത്യപൂർവമായ പാർശ്വഫലമാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

എന്നാൽ ഇതേക്കുറിച്ച് ഓസ്ട്രേലിയക്കാർ വ്യക്തമായി അറിഞ്ഞ് തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹംപറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button