കാത്തിരിപ്പിന് വിരാമം; ഓസ്ട്രേലിയൻ അതിർത്തികൾ തുറന്നു
രണ്ടു വർഷത്തോളം നീണ്ട നിയന്ത്രണങ്ങൾക്കു ശേഷം ഓസ്ട്രേലിയയുടെ അതിർത്തികൾ വീണ്ടും തുറന്നു. സന്ദർശക വിസകളിലുള്ളവരുൾപ്പെടെ എല്ലാവർക്കും ഇന്നു മുതൽ ഓസ്ട്രേലിയയിലേക്കെത്താം.
“കാത്തിരിപ്പ് അവസാനിക്കുന്നു” ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
“നിങ്ങളുടെ ബാഗ് പാക്ക് ചെയ്തോളൂ. കൈയിൽ പണം കരുതാൻ മറക്കണ്ട, കാരണം അത് ചെലവാക്കാൻ ഒരുപാട് സ്ഥലങ്ങൾ ഇവിടെയുണ്ട്.”
വിദേശത്തു നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കായി പ്രധാനമന്ത്രിയുടെ സന്ദേശമായിരുന്നു ഇത്.
കൊവിഡ് ബാധയെ ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെ 2020 മാർച്ചിലായിരുന്നു ഓസ്ട്രേലിയൻ അതിർത്തികൾ അടച്ചത്.
ലോകത്തെ ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ അതിർത്തി നിയന്ത്രണങ്ങളുടെ തുടക്കമായിരുന്നു അത്.
നിരവധി വിമാനസർവീസുകൾ ഇക്കാലത്തും ഉണ്ടായിരുന്നെങ്കിലും, ഓസ്ട്രേലിയക്കാർക്കും, പ്രത്യേക ഇളവുകൾ ലഭിച്ചവർക്കും മാത്രമായിരുന്നു പ്രവേശനം.
2021 ഡിസംബർ മുതൽ സ്റ്റുഡന്റ് വിസയിലുള്ളവരെയും, നിരവധി താൽക്കാലിക വിസകളിലുള്ളവരെയും അനുവദിച്ചു തുടങ്ങി.
ഒമിക്രോൺ ഭീതി കുറയുകയും, വാക്സിനേഷൻ നിരക്ക് പ്രതീക്ഷ പോലെ ഉയരുകയും ചെയ്തതോടെയാണ്, രാജ്യത്തിന്റെ അതിർത്തികൾ ഇന്നുമുതൽ എല്ലാവർക്കുമായി തുറക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചത്.
സ്വാഗതം ചെയ്യാൻ വെജിമൈറ്റും കൊവാലയും
ടൂറിസ്റ്റുകളുമായുള്ള ആദ്യ വിമാനം സിഡ്നിയിലേക്കാണ് എത്തിയത്.
ലോസാഞ്ചലസിൽ നിന്നുള്ള വിമാനം രാവിലെ ആറു മണിക്ക് സിഡ്നി വിമാനത്താവളത്തിലെത്തിയപ്പോൾ ആഘോഷപൂർവുമുള്ള സ്വീകരണമാണ് യാത്രക്കാർക്കായി ഒരുക്കിയിരുന്നത്.
വിമാനത്താവളത്തിലെ സ്പീക്കറുകളിൽ ഡിസ്കോ ഗാനം നിറഞ്ഞു. ഓരോ കുപ്പി വെജിമൈറ്റും, ടിം ടാം ചോക്കളേറ്റും, ഒപ്പം കൊവാലയുടെ പാവയും നൽകിയാണ് യാത്രക്കാരെ സ്വീകരിച്ചത്.
ടൂറിസം മന്ത്രി ഡാൻ ടെഹാൻ യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ആദ്യദിവസം 54 വിമാനങ്ങളാണ് രാജ്യത്തേക്ക് എത്തുക.
കൊവിഡിന് മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും, വൈകാതെ സ്ഥിതി മെച്ചമാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിർത്തി തുറക്കൽ പ്രഖ്യാപിച്ച ശേഷം വിമാനടിക്കറ്റ് ബുക്കിംഗ് അതിവേഗം വർദ്ധിക്കുന്നുണ്ടെന്ന് ക്വാണ്ടസ് സി ഇ ഒ അലൻ ജോയ്സ് വ്യക്തമാക്കി.
അതേസമയം, വ്യോമഗതാഗത മേഖല പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഏറെ നാളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ നിരോധനം ടൂറിസം മേഖലയ്ക്കും കനത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
വിദേശ വിനോദസഞ്ചാരികൾ എത്തുന്നതിലൂടെ മാസം നാലു ബില്യൺ (400 കോടി) ഡോളറാണ് ടൂറിസം മേഖലയ്ക്ക് ലഭിക്കുന്നത്.
2018-19ൽ 60 ബില്യൺ ഡോളറാണ് വിനോദസഞ്ചാര രംഗം ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിന് നൽകിയതെന്ന് സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആറര ലക്ഷത്തിലേറെ പേർക്കാണ് ഈ മേഖല ജോലി നൽകുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഈ രംഗം ഏകദേശം പൂർണമായി തന്നെ നിലച്ചിരുന്നു.
രാജ്യാന്തര യാത്രകൾ പുനരാരംഭിക്കുന്നത് ഏറ്റവുമധികം സഹായകമാകുന്നത് ടൂറിസം മേഖലയ്ക്കാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം