‘ഇന്ത്യൻ ഫോട്ടോ’ എടുക്കാനാവില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ് ഔട്ട്ലെറ്റ്; വിവാദമായപ്പോൾ മാപ്പു പറഞ്ഞു
ഇന്ത്യൻ ഫോട്ടോകൾ എടുക്കാനാവില്ല എന്ന് അഡ്ലൈഡിലെ ഒരു പോസ്റ്റോഫീസിൽ പ്രദർശിപ്പിച്ച ബോർഡിനെതിരെ ഫെഡറൽ മന്ത്രിമാരുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരമൊരു ബോർഡ് പ്രദർശിപ്പിച്ചതിന് ഓസ്ട്രേലിയ പോസ്റ്റ് മാപ്പു പറഞ്ഞു.
അഡ്ലൈഡിലെ റൻഡ്ൽ മാളിലുള്ള ഓസ്ട്രേലിയ പോസ്റ്റ് ഔട്ട്ലെറ്റിലാണ് ബുധനാഴ്ച ഉച്ചയോടെ ബോർഡ് പ്രദർശിപ്പിച്ചത്.
“ദൗർഭാഗ്യവശാൽ ഞങ്ങൾക്ക് ഇന്ത്യൻ ഫോട്ടോകൾ എടുക്കാൻ കഴിയില്ല” (We unfortunately CAN NOT take INDIAN photos) എന്നായിരുന്നു ഈ ബോർഡിൽ.
ഈ പോസ്റ്റോഫീസിലെ ലൈറ്റിംഗും, ഫോട്ടോയ്ക്കായുള്ള ബാക്ക്ഗ്രൗണ്ടും കാരണമാണ് ഇത്തരമൊരു തീരുമാനമെന്നും ഇതിനു മുകളിൽ ചെറിയ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.
ഇന്ത്യൻ പാസ്പോർട്ടിനു വേണ്ടിയുള്ള ഫോട്ടോകൾ എടുക്കാൻ കഴിയില്ല എന്ന കാര്യമാണ് പോസ്റ്റോഫീസ് ഈ ബോർഡിലൂടെ ഉദ്ദേശിച്ചത്.
പലരും ഈ ബോർഡ് സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വ്യാപകമായി വിമർശനം ഉയർന്നു.
ഫെഡറൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷേൽ റോളണ്ട് കടുത്ത വിമർശനമുന്നയിച്ച് ഓസ്ട്രേലിയ പോസ്റ്റ് മേധാവി പോൾ ഗ്രഹാമിന് കത്തയയ്ക്കുകയും ചെയ്തു.
ബോർഡിലെ വാചകങ്ങൾ അംഗീകരിക്കാനാവത്തതാണെന്നും, ഒരാൾ എവിടെ നിന്ന് വരുന്നെന്നോ നിറമെന്തെന്നോ നോക്കി വേർതിരിവ് കാണിക്കാൻ കഴിയില്ലെന്നും മിഷേൽ റോളണ്ട് പറഞ്ഞു.
കടുത്ത വിമർശനമുയർന്നതോടെ വ്യാഴാഴ്ച റൻഡ്ൽ മാൾ പോസ്റ്റോഫീസ് ഈ ബോർഡ് നീക്കം ചെയ്തു.
ഓസ്ട്രേലിയ പോസ്റ്റിന്റെ അംഗീകാരമില്ലാതെ വച്ച ബോർഡാണ് ഇതെന്നും, അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നതായും ഓസ്പോസ്റ്റ് വക്താവ് പ്രതികരിച്ചു.
ബോർഡിൽ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങളാണ് ഇത്രയും പ്രശ്നം സൃഷ്ടിച്ചതെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പോസ്റ്റോഫീസിലെ ജീവനക്കാരോട് സംസാരിച്ചതായും വക്താവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്നും ഓസ്ട്രേലിയ പോസ്റ്റ് ഉറപ്പു നൽകി.
അതേസമയം, ഓസ്ട്രേലിയ പോസ്റ്റ് ഔട്ട്ലെറ്റുകളിൽ എടുക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് നിരാകരിക്കുന്നത് പതിവ് സംഭവമാണെന്നും ഓസ്പോസ്റ്റ് വക്താവ് ചൂണ്ടിക്കാട്ടി.
ഇതേക്കുറിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിക്കുന്നുണ്ടെന്നും, ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഓസ്പോസ്റ്റ് ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം