ലോകത്തെ ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങളില്‍ നാലും ഓസ്‌ട്രേലിയയില്‍

ലോകത്തെ ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയിൽ അഡ്‌ലൈഡ് മൂന്നാം സ്ഥാനത്ത്. സിഡ്‌നിക്കും മെൽബണും മുൻ വർഷത്തെ സ്ഥാനം നഷ്ടമായി.

ദി ഇക്കോണോമിസ്റ്റ് നടത്തിയ സർവേയിലാണ് 2021ലെ ഏറ്റവും വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവന്നത്.

140 നഗരങ്ങൾ ഉൾപ്പെടുത്തിയുള്ള സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

ന്യൂസീലാന്റിലെ ഓക്‌ലാന്റാണ് ഒന്നാം സ്ഥാനത്ത്. ജാപ്പനീസ് നഗരമായ ഒസാകയാണ് രണ്ടാം സ്ഥാനത്ത്.

ഓസ്‌ട്രേലിയൻ നഗരമായ അഡ്‌ലൈഡ് ആണ് മൂന്നാം സ്ഥാനത്തുണ്ട്.

കൊവിഡ് പ്രതിരോധത്തിൽ ഓരോ നഗരങ്ങളുടെയും പ്രകടനം കണക്കിലെടുത്താണ് സർവേ ഫലം.

ന്യൂസീലാന്റിലെ നഗരങ്ങൾക്കൊപ്പം ഓസ്‌ട്രേലിയൻ നഗരങ്ങളും പട്ടികയിൽ ആദ്യ 12 സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊവിഡ് ബാധ നിയന്ത്രണവിധേയമാക്കിയതും, കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കിയത് വഴി ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞെന്നുമുള്ള കാര്യങ്ങൾ സർവേയിൽ പരിഗണിച്ചു.

ഇവ കണക്കിലെടുത്താണ് ന്യൂസിലാന്റിലെയും ഓസ്‌ട്രേലിയയിലെയും നഗരങ്ങൾ വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.

ആദ്യ അഞ്ചിൽ ഇടം പിടിച്ചിരിക്കുന്ന ഒരേ ഒരു ഓസ്‌ട്രേലിയൻ നഗരമാണ് അഡ്‌ലൈഡ്.

അതേസമയം, മുൻ വർഷങ്ങളിൽ പട്ടികയുടെ ആദ്യ അഞ്ചിൽ ഇടം പിടിച്ചിരുന്ന സിഡ്‌നിയുടെയും മെൽബന്റെയും സ്ഥാനം ഈ വർഷം നഷ്ടമായി.

കഴിഞ്ഞ പത്ത് വർഷമായി രണ്ടാം സ്ഥാനം മുറുകെപ്പിടിച്ചിരുന്ന മെൽബൺ ഈ വർഷം എട്ടാം സ്ഥാനത്താണെങ്കിൽ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സിഡ്‌നി ഇപ്പോൾ 11 ആം സ്ഥാനത്താണ്.

അഡ്‌ലൈഡിന് പുറമെ മറ്റ് ചില ഓസ്‌ട്രേലിയൻ നഗരങ്ങൾക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. പെർത്ത് ആറാം സ്ഥാനത്തും, ബ്രിസ്‌ബൈൻ പത്താം സ്ഥാനത്തുമാണ് ഇടം പിടിച്ചിരിക്കുന്നത്.

കൊവിഡ് ബാധ നിയന്ത്രിക്കാൻ കഴിഞ്ഞതും, വാക്‌സിനേഷൻ വിതരണവുമെല്ലാം കണക്കിലെടുത്ത് പട്ടികയുടെ ആദ്യ പത്തിൽ, ജപ്പാൻ നഗരങ്ങളും, സ്വിറ്റ്സർലാന്റിലെ നഗരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് രണ്ടാം വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് മൂലം പല യൂറോപ്യൻ നഗരങ്ങളുടെയും സ്ഥാനത്തിന് കോട്ടം തട്ടിയിട്ടുണ്ട്.

2018 ലും 2019 ലും വാസയോഗ്യമായ ഇടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിന്നിരുന്ന ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്ന ഇപ്പോൾ 12 ആം സ്ഥാനത്താണ്.

അഞ്ചാം സ്ഥാനത് മറ്റൊരു ജാപ്പനീസ് നഗരമായ ടോക്യോയും ഏഴ്, എട്ട് സ്ഥാനങ്ങളിൽ സ്വിട്സർലാന്റ് നഗരങ്ങളായ സൂറിക്കും ജെനീവയുമാണ് ഇടം പിടിച്ചിരിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version