ഇന്ത്യയിലേക്കുള്ള വിമാനസർവീസ് ഓസ്ട്രേലിയ നിർത്തിവച്ചു

ഓസ്ട്രേലിയയിലെ ക്വാറന്റൈൻ ഹോട്ടലുകളിൽ ഇന്ത്യയിൽ നിന്നുള്ള കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്കുള്ള വിമാനസർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു.

വെന്റിലേറ്ററുകളും സർജിക്കൽ മാസ്കുകളുമുൾപ്പെടെ ഇന്ത്യയ്ക്ക് സഹായമെത്തിക്കാനും ഓസ്ട്രേലിയ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ഇപ്പോഴുള്ള ഗുരുതരമായ പ്രതിസന്ധി നേരിടാൻ പിന്തുണയും സഹായവും നൽകും എന്ന് അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചത്.

ഇന്ത്യയുമായുള്ള എല്ലാ യാത്രാ വിമാന സർവീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.

2021 മേയ് 15 വരെയാണ് വിമാനങ്ങൾ നിർത്തിവയ്ക്കുന്നത്.

ഓസ്ട്രേലിയൻ സർക്കാർ ഡാർവിനിലേക്ക് നടത്തുന്ന രണ്ട് ക്വാണ്ടസ് വിമാന സർവീസുകളും, സിഡ്നിയിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാന സർവീസുകളും ഇത്തരത്തിൽ നിർത്തിവയ്ക്കാനാണ് തീരുമാനം.

മേയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരിൽ ആരോഗ്യസ്ഥിതി മോശമായവരെയും മറ്റ് പ്രശ്നങ്ങളിൽപ്പെട്ടവരെയും തിരിച്ചെത്തിക്കുക എന്നതിന് മുൻഗണന നൽകിയാകും വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്ന കാര്യം പരിശോധിക്കുക.

മറ്റ് രാജ്യങ്ങൾ വഴി വരുന്ന കണക്ടഡ് വിമാനസർവീസുകൾക്കും വിലക്ക് ബാധകമാകും.

ദോഹ, ദുബായ്, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ ഇതിനകം നിർത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പെർത്തും, അഡ്ലൈഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും.

ഭാവിയിൽ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവരും PCR ടെസ്റ്റിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടി വരും.

ഇന്ത്യയിലേക്ക് പോകാൻ ഇളവു നൽകുന്നതും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

മൂന്നു സാഹചര്യങ്ങളിൽ മാത്രമേ ഇന്ത്യയിലേക്ക് പോകാൻ ഇളവ് അനുവദിക്കൂ.

* രാജ്യതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ (national interest)
* ചികിത്സാ ആവശ്യങ്ങൾക്കുള്ള ഇളവ്
* കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികൾക്ക്

കൊവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടി.

ഇവ ഉത്പാദിപ്പിക്കുന്നതിനുള്ള ക്ഷമതയെയും കൊവിഡ് ബാധ ഗുരുതരമായി ബാധിച്ചു.

ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ ഓസ്ട്രേലിയ ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഇവയായിരിക്കും:

* 500 നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ
* പത്തു ലക്ഷം സർജിക്കൽ മാസ്കുകൾ
* അഞ്ചു ലക്ഷം P2/N95 മാസ്കുകൾ
* ഒരു ലക്ഷം സർജിക്കൽ ഗൗൺ
* ഒരു ലക്ഷം കണ്ണടകൾ
* ഒരു ലക്ഷം ജോഡി ഗ്ലൗവ്സ്
* 20,000 ഫേസ് ഷീൽഡുകൾ

ഇന്ത്യയ്ക്ക് നൽകാനായി 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

PPE കിറ്റുകളും മറ്റ് ഉപകരണങ്ങളും അടുത്തയാഴ്ചയോടെ ഇന്ത്യയിലേക്ക് എത്തിക്കും.

പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വാക്സിൻ നൽകിയിട്ടുണ്ടെന്നും, ഇന്ത്യയെ തിരിച്ച് സഹായിക്കേണ്ട ഈ സാഹചര്യത്തിൽ ഓസ്ട്രേലിയ അതിന് മുന്നോട്ടുവരികയാണെന്നും വിദേശകാര്യമന്ത്രി മരീസ് പൈനും ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Related Articles

Back to top button