മെൽബൺ: ഓസ്‌ട്രേലിയയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കാലാവസ്ഥാവ്യതിയാനം മൂലം വിളവുകൾ നശിച്ചതാണ് പച്ചക്കറിക്ഷാമത്തിനു കാരണമെന്ന് റിപ്പോർട്ട്.
ഫെബ്രുവരി, മെയ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കവും ശൈത്യകാലത്തെ കൊടുംതണുപ്പും പല പച്ചക്കറികളുടെയും ക്ഷാമത്തിലേക്ക് നയിക്കും എന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷത്തിലെ കുറഞ്ഞ താപനില, കാർഷികോത്പാദനത്തിന് അനുകൂല സാഹചര്യമല്ലെന്നതും രാജ്യത്തെ പച്ചക്കറി ദൗർലഭ്യത്തിലേക്ക് നയിക്കുന്നു.
നിലവിൽ ലെറ്റസ്, ചീര, ക്യാപ്സികം എന്നിവയുടെ വില കുതിച്ചുയരുകയാണ്.
ലെറ്റസ് ഉത്പാദനത്തിന്റെ ഭൂരിഭാഗവും രണ്ടു തവണയായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടമായി.
രാജ്യത്തെ ചില ഭാഗങ്ങളിൽ ലെറ്റസിന്റെ വില അഞ്ചിരട്ടി വരെയായി വർദ്ധിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള ക്ഷാമം മൂന്നു മാസത്തേക്കെങ്കിലും നിലനിൽക്കുമെന്ന് പച്ചക്കറി ഉത്പാദന മേഖലയെ നിയന്ത്രിക്കുന്ന ഓസ് വെജിന്റെ (AUSVEG) മേധാവി ബിൽ ബുമർ പറഞ്ഞു.
അധികം വൈകാതെ തന്നെ രാജ്യത്ത് ഉള്ളിയുടെ ക്ഷാമവും രൂക്ഷമാക്കുമെന്ന് അദ്ദേഹം 3AW റേഡിയോയിൽ പറഞ്ഞു.
ആവശ്യത്തിനനുസരിച്ച് പച്ചക്കറി വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ് ഇപ്പോഴെന്നു ബുമർ പറഞ്ഞു.
വിതരണ പ്രതിസന്ധി മൂലം കെ എഫ് സി പോലുള്ള ഫാസ്റ്റ് ഫുഡ് ശൃംഖലകൾ ലെറ്റസിനെ തങ്ങളുടെ ബർഗർമെനുവിൽ നിന്ന് വരെ ഒഴിവാക്കുകയുണ്ടായി.
നിലവിൽ സുക്കീനി, കാബേജ്, ലെബനീസ് വെള്ളരിക്ക, തക്കാളി, ബീൻസ്, ബെറികൾ, ബ്രോക്കളി, ചീര എന്നിവയുടെ വിതരണത്തിൽ തടസ്സം നേരിടുന്നുണ്ടെന്ന് വൂൾവർത്ത്സ് സൂപ്പർമാർക്കറ്റ് അറിയിച്ചു.
കടപ്പാട്: SBS മലയാളം