ഓസ്‌ട്രേലിയയിലുള്ള എല്ലാ വിസക്കാർക്കും സൗജന്യ കൊവിഡ് വാക്‌സിൻ

ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ എല്ലാ വിസക്കാർക്കും സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

രാജ്യത്ത് ഈ മാസം അവസാനത്തോടെ കൊവിഡ് വാക്‌സിൻ നല്കിത്തുടങ്ങുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡന്റ്സിനും പൗരന്മാർക്കും ഉൾപ്പെടെ വിവിധ വിസകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായിരിക്കുമെങ്കിലും ചില വിസകളിൽ ഉള്ളവർക്ക് വാക്‌സിൻ സൗജന്യമായിരിക്കില്ലെന്ന് വ്യക്തമാക്കിരുന്നു.

എന്നാൽ ഓസ്‌ട്രേലിയയിൽ ഉള്ള എല്ലാ വിസക്കാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.

കൂടാതെ രാജ്യത്ത് ഇമ്മിഗ്രെഷൻ ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും, വിസ റദ്ദാക്കിയവർക്കും ഉൾപ്പെടെ രാജ്യത്തുള്ള എല്ലാവര്ക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്.

തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിട്രേഷന്റെ അംഗീകാരം ലഭിച്ച ഫൈസർ വാക്‌സിന്റെ പത്ത് മില്യൺ അധികം ഡോസുകൾ കൂടി സർക്കാർ ഓർഡർ ചെയ്തതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. പത്ത് മില്യൺ ആയിരുന്നു നേരത്തെ ഓർഡർ ചെയ്തത്.

ഇതിന് പുറമെ 53.8 മില്യൺ ഓക്സ്ഫോർഡ് വാക്‌സിൻ, 51 മില്യൺ നോവവാക്സ്, 25.5 മില്യൺ കോവാക്സ് എന്നിവയും ഓർഡർ ചെയ്തിട്ടുണ്ട്.

ഇതോടെ ആകെ 150 മില്യൺ ഡോസുകളാണ് ഓസ്ട്രേലിയ ഓർഡർ ചെയ്തിരിക്കുന്നതെന്ന് ഗ്രെഗ് ഹണ്ട് ചൂണ്ടിക്കാട്ടി.

രാജ്യത്ത് ആദ്യം ഫൈസർ വാക്‌സിൻ നല്കിത്തുടങ്ങും. മാർച്ചിൽ ആസ്ട്രസെനക്കയും ഇതിന് പിന്നാലെ നോവാവാക്സുമാകും വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്രെണ്ടൻ മർഫി പറഞ്ഞു.

വാക്‌സിൻ നല്കി തുടങ്ങുമ്പോൾ വിവിധ ഭാഷകളിലും സംസകാരത്തിലുമുള്ളവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ അധികൃതരെ നിയമിക്കുന്നതിനായി 1.3 മില്യൺ ഡോളർ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version