ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ യാത്രാ വിലക്ക് വീണ്ടും നീട്ടി

ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

കൊവിഡ് ബാധ രൂക്ഷമായ 2020 മാർച്ചിലാണ് വിദേശയാത്രക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്. വൈറസ് വ്യാപനം കൂടിയതോടെ വിലക്ക് വീണ്ടും നീട്ടിയിരുന്നു.

ഈ സെപ്റ്റംബർ 17 വരെയായിരുന്നു യാത്രാവിലക്ക്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും മൂന്ന് മാസത്തേക്കു കൂടി നീട്ടിയത്.

ഇതോടെ ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തു യാത്ര ചെയ്യാനുള്ള വിലക്ക് ഡിസംബർ 17 വരെയാക്കി.

പല വിദേശ രാജ്യങ്ങളിലും പടരുന്ന വൈറസ് പൊതുസമൂഹത്തിന് അപകടകരമാകാനുള്ള സാധ്യതയുണ്ടെന്നാണ് ദി ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി നിർദ്ദേശിച്ചത്. ഇത് പ്രകാരമാണ് വിലക്ക് ഡിസംബർ വരെ നീട്ടിയതെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

വിലക്ക് നിലനിൽക്കെ, നിലവിൽ സർക്കാരിൽ നിന്ന് ഇളവുകൾ ലഭിച്ചാൽ മാത്രമേ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. അതും അവശ്യ ഘട്ടങ്ങളിൽ മാത്രം.

രാജ്യത്ത് 16 വയസിന് മേൽ പ്രായമായ 80 ശതമാനം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ രാജ്യാന്തര യാത്രകൾ അനുവദിക്കുമെന്നാണ് ദേശീയ ക്യാബിനറ്റിൽ ധാരണയായത്.

എന്നാൽ, വെസ്റ്റേൺ ഓസ്‌ട്രേലിയയും ക്വീൻസ്‌ലാന്റും ഈ തീരുമാനത്തോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.

ഓസ്ട്രേലിയ വിദേശ യാത്രക്കുള്ള വിലക്ക് നീട്ടിയതിൽ നിരവധി ഇന്ത്യൻ വംശജർ എതിർപ്പ് രേഖപ്പെടുത്തി.

വാക്‌സിനേഷൻ നിരക്കിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ യാത്രാ വിലക്ക് പിൻവലിക്കുന്നതായിരുന്നു ഉചിതമെന്ന് മെൽബണിൽ ബിസിനസ് നടത്തുന്ന ആശിഷ് വോറ പറഞ്ഞു.

ബിസിനസ് ആവശ്യങ്ങൾക്കായി സ്ഥിരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്ന ഇദ്ദേഹത്തെ സർക്കാരിന്റെ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയെന്നും ആശിഷ് പറഞ്ഞു.

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചിട്ട് ഒന്നര വർഷം പിന്നിട്ടപ്പോൾ, മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്.

അവധിക്കായും, പ്രസവത്തിനായും മറ്റും നാട്ടിലേക്ക് പോയവർക്ക് തിരികെ വരാൻകഴിയാതായതോടെ രണ്ട് വർഷത്തോളമായി കുടുംബത്തെ പിരിഞ്ഞിരിക്കുകയാണ് പലരും.

ഇന്ത്യയിലുള്ള മാതാപിതാക്കൾ മരിച്ചിട്ട് പോലും യാത്ര ചെയ്യാൻ കഴിയാത്തതിന്റെ വിഷമം നേരിടുന്നവരും നിരവധിയാണ്.

അത്തരത്തിലൊരാളാണ് മെൽബണിൽ ഉള്ള സുരജിത് ലാഹിരി. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ട് പേരും ഈ വർഷമാദ്യം മരണമടഞ്ഞിരുന്നു. എന്നാൽ, നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ ദുഖത്തിലാണ് ഇദ്ദേഹം.

മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതും, മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾ നേരിൽ ചെന്ന് പൂർത്തിയാക്കേണ്ടതുണ്ടെന്ന്‌ സുരജിത് എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.

ഇളവുകൾ ലഭിച്ച് യാത്ര ചെയ്താലും, ഓസ്‌ട്രേലിയയിലേക്ക് ഈ വർഷം തിരികെ മടങ്ങാൻ കഴിയുമോ എന്നതിൽ ഉറപ്പില്ലാത്തതും യാത്ര ചെയ്യാൻ തടസ്സമാകുന്നതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version