കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുന്നു
ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയ, NSW സംസ്ഥാനങ്ങളിൽ മാത്രം ഇന്ന് തൊണ്ണൂറ്റി ആറായിരത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ജനുവരി ഒന്ന് മുതലുള്ള RAT പോസിറ്റീവ് ഫലം ഉൾപ്പെടുന്ന കണക്കാണ് വിക്ടോറിയ ഇന്ന് പുറത്ത് വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച പിസിആർ ഫലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 51,356 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പുതിയ കേസുകളിൽ 26,428 എണ്ണം റാപ്പിഡ് ടെസ്റ്റുകളിൽ നിന്നും, 24,928 എണ്ണം പിസിആർ പരിശോധനകളിൽ നിന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
റാപ്പിഡ് ആൻറ്റിജൻ ടെസ്റ്റിൽ പോസിറ്റീവായ കേസുകൾ പ്രതിദിന കൊവിഡ് കണക്കിൽ ഉൾപ്പെടുത്തി തുടങ്ങിയതായി വിക്ടോറിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിക്ടോറിയയിലെ വിവിധ ആശുപത്രികളിലായുള്ള 644 കൊവിഡ് ബാധിതരിൽ, 106 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലും, 24 പേർ വെൻറിലേറ്ററിലുമാണുള്ളത്.
ന്യൂ സൗത്ത് വെയിൽസ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനടുത്തെത്തിയതോടെ, ന്യൂ സൗത്ത് വെയിൽസിൽ 45,098 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് 9 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇന്നലെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 57 ആണ്. ഇതോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ മൊത്തം എണ്ണം 1,795 ആയി.
റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ (RAT) പോസിറ്റീവാകുന്ന ഫലങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന സേവനം അടുത്തയാഴ്ച നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് കണക്കു കൂട്ടൽ.
കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് പുന:സ്ഥാപിക്കുന്ന ചില നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
ശനിയാഴ്ച മുതൽ, സംസ്ഥാനത്ത് ഇലക്ടീവ് ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി വേദികളിലും വിനോദ കേന്ദ്രങ്ങളിലുമുൾപ്പെടെ പാട്ടും, നൃത്തവും നിരോധിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ചടങ്ങുകൾക്ക് ഈ വിലക്ക് ബാധകമല്ല.
കടപ്പാട്: SBS മലയാളം