ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ അഞ്ച് ഘട്ടങ്ങളായി
ഓസ്‌ട്രേലിയയിൽ ഫെബ്രുവരി അവസാനത്തോടെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത വാക്‌സിനുകൾക്കായി ഓസ്ട്രേലിയ കരാർ ഒപ്പ് വച്ചിട്ടുണ്ട്.
എന്നാൽ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് കഴിഞ്ഞ ദിവസം തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (TGA) അനുമതി നല്‍കി. അടുത്ത രണ്ടു വര്‍ഷത്തേക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് ഇത്.
ഫെബ്രുവരി അവസാനമാണ് വാക്‌സിൻ നൽകി തുടങ്ങുന്നത്. അഞ്ച് ഘട്ടങ്ങളായാണ് ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ പദ്ധതി.
ഒന്നാം ഘട്ടം എ
വൈറസ് ബാധ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്കാണ് ഒന്നാം ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുന്നത്. മുൻഗണനാ പട്ടികയിലുള്ള ഏതാണ്ട് 678,000 പേർക്ക് ഈ ഘട്ടത്തിൽ വാക്‌സിനേഷൻ നൽകാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികൾക്കാണ് ആദ്യം വാക്‌സിൻ നൽകുക.
കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർ, ക്വാറന്റൈൻ ജീവനക്കാർ, അതിർത്തിയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന. കൂടാതെ ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലും ജോലി ചെയ്യുന്നവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ടം ബി
രോഗം പടരാൻ കൂടുതൽ സാധ്യതയുള്ള ദുർബലരായവർക്കും കൂടുതൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
70 വയസ്സിന് മുകളിൽ പ്രായമായവർ, 55 വയസ്സിന് മുകളിൽ പ്രായമുള്ള അബോർജിനൽ-ടോറസ് സ്ട്രൈറ് ഐലന്റുകാർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭിക്കും.
കൂടാതെ ആദ്യ ഘട്ടത്തിൽ വാക്‌സിൻ എടുക്കാത്ത ആരോഗ്യ പ്രവർത്തകർ, വൈറസ് ബാധിക്കാനിടയുള്ള പ്രതിരോധ സേനാംഗങ്ങൾ, എമർജൻസി സർവീസ് ജീവനക്കാർ, മാസ സംസ്കരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും.
ഈ ഘട്ടത്തിൽ 6.1 മില്യണിലേറെ പേർക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി.
രണ്ടാം ഘട്ടം എ
മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് നൽകിയ ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷമാകും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നവർക്ക് വാക്‌സിൻ നൽകുക.
50 വയസിനും 69 വയസ്സിനുമിടയിൽ പ്രായമായവർക്കും, 18 വയസ്സിന് മുകളിൽ പ്രായമുള്ള അബോർജിനൽ-ടോറസ് സ്‌ട്രൈറ് ഐലന്റുകാർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. കൂടാതെ രോഗം പിടികൂടാൻ കൂടുതൽ സാധ്യതയുള്ള മറ്റ് മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. എന്നാൽ ഏതൊക്കെ മേഖലയിലുള്ളവർക്കാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഈ ഘട്ടത്തിൽ 6.5 മില്യൺ പേർക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി.
രണ്ടാം ഘട്ടം ബി
ഓസ്‌ട്രേലിയൻ ജന സംഖ്യയിലെ എല്ലാ മുതിർന്നവർക്കും ഈ ഘട്ടത്തിലാണ് വാക്‌സിൻ നൽകുന്നത്. നാലാമത്തേതും ഏറ്റവും വലുതുമായ ഘട്ടമാണിത്. കൂടാതെ മറ്റ് മൂന്ന് ഘട്ടങ്ങളിൽ വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ അവസരം ലഭിക്കും.
6.6 മില്യൺ പേർക്ക് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
മൂന്നാം ഘട്ടം
18 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. എന്നാൽ ഈ പ്രായത്തിലുള്ളവർ വാക്‌സിൻ എടുക്കേണ്ടതില്ല.
ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ കുട്ടിൾക്ക് വാക്‌സിൻ നല്കുകയുള്ളുവെന്ന് സർക്കർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മെട്രോപൊളിറ്റൻ പ്രദേശത്തും ഉൾപ്രദേശത്തുമുള്ള 50 ആശുപത്രികളിൽ വച്ചാകും വാക്‌സിൻ നൽകുന്നത്.
കൂടാതെ ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലും താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അവിടെ വച്ച് തന്നെ വാക്‌സിനേഷൻ നൽകും.
ആദ്യ രണ്ട് ഘട്ടത്തിന് ശേഷം കൂടുതൽ പേർക്ക് വാക്‌സിൻ നൽകേണ്ടതിനാൽ പിന്നീടുള്ള ഘട്ടത്തിൽ ആയിരം അധിക ഇടങ്ങളിൽ വച്ച് വാക്‌സിൻ നൽകാനാണ് പദ്ധതി.
ജി പി ക്ലിനിക്കുകൾ, റെസ്പിറേറ്ററി ക്ലിനിക്കുകൾ, കമ്മ്യൂണിറ്റി ഫാർമസികൾ, അബോറിജിനൽ ആരോഗ്യ സേവനങ്ങൾ എന്നിവിടങ്ങളിലാകും ഇത്.
മൂന്ന് വാക്‌സിനുകൾക്കാണ് ഓസ്‌ട്രേലിയ കരാർ ഒപ്പ് വച്ചിരിക്കുന്നത്. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഫൈസർ-ബയോൺടെക് വാക്‌സിനാണ് ഇവിടെ നൽകി തുടങ്ങുന്നത്. ഫൈസർ വാക്‌സിന്റെ പത്ത് മില്യൺ ഡോസാണ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയ കരാർ ഒപ്പ് വച്ചിരിക്കുന്ന എല്ലാ വാക്‌സിനുകളും രണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ട്. ഫൈസർ വാക്‌സിനും നോവവാക്സ് വാക്‌സിനും എടുക്കുന്നവർ ആദ്യത്തെ ഡോസിന് ശേഷം മൂന്നാഴ്ച കഴിഞ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതുണ്ട്. എന്നാൽ ആസ്ട്ര സെനക്ക വാക്‌സിൻ എടുക്കുന്നവർക്ക് രണ്ടാമത്തെ ഡോസ് നാലാഴ്ചക്ക് ശേഷമാണ് നൽകുന്നത്.
കടപ്പാട്: SBS മലയാളം