ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങി

ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 85കാരിയാണ് രാജ്യത്ത് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

സിഡ്‌നിയിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെയാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്തത്.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന വാക്‌സിനേഷൻ പദ്ധതിക്ക് ആത്മവിശ്വാസം പകരുന്നതിനായാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉൾപ്പെടെയുള്ള പ്രമുഖർ ഞായറാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 85 കാരിയായ ജെയിൻ മാലിസിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്.

രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയിലാണ് ജെയിൻ പങ്കെടുത്തതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി, ചീഫ് നഴ്‌സിംഗ് ഓഫീസർ ആലിസൺ മക് മിലൻ എന്നിവരും വാക്‌സിൻ സ്വീകരിച്ചു.

ഏജ്ഡ് കെയറിൽ കഴിയുന്ന രണ്ട് പേർ, ഏജ്ഡ് കെയർ ജീവനക്കാർ, കൊവിഡ് പ്രതിരോധ രംഗത്തെ മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവരും ഞായറാഴ്ച ഫൈസർ വാക്‌സിൻ സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ബൃഹത് പദ്ധതിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസി, ഗ്രീൻസ് നേതാവ് ആദം ബൻഡേറ്റ് എന്നിവർ ആസ്ട്ര സെനക്ക വാക്‌സിനാണ് സ്വീകരിക്കുന്നത്.

ഫെബ്രുവരി 22 തികളാഴ്‌ച മുതൽ രാജ്യവ്യാപകമായി വാക്‌സിൻ വിതരണം ആരംഭിക്കും. വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്കാണ് ഒന്നാം ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുന്നത്. മുൻഗണനാ പട്ടികയിലുള്ള ഏതാണ്ട് 678,000 പേർക്ക് ഈ ഘട്ടത്തിൽ വാക്‌സിനേഷൻ നൽകാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.

വാക്‌സിൻ വിതരണത്തിനെതിരെ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം നടക്കുണ്ട്. എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനം ഇല്ലെന്നും ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version