മെൽബൺ: സമ്പന്നരായ വിദേശ നിക്ഷേപകർക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നൽകുന്ന ‘ഗോൾഡൻ വീസ’ പദ്ധതി ഓസ്‌ട്രേലിയ അവസാനിപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ പോളിസി ഡോക്യുമെന്‍റിൽ, ഓസ്‌ട്രേലിയയിലേക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിവുള്ള വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് കൂടുതൽ വീസകൾ സൃഷ്ടിക്കുന്നതിലേക്ക് മാറുന്നതിന് ഊന്നൽ നൽകി കൊണ്ട് ഗോൾഡൻ വീസ നിർത്തലാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
ഗോൾഡൻ വീസ പദ്ധതി പ്രാഥമിക ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്നും പകരം വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ വീസ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.
‘നമ്മുടെ രാജ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ആവശ്യമുള്ളത് ഗോൾഡൻ വീസ നൽകുന്നില്ല എന്നത് വർഷങ്ങളുടെ അനുഭവത്തിൽ നിന്നും വ്യക്തമാണ്,’ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ പറഞ്ഞു.
വിദേശ ബിസിനസിനെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഗോൾഡൻ വീസ പദ്ധതി, അനധികൃത ഫണ്ടുകൾക്കായി അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നുവെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ടിരുന്നു.
2012ൽ ആരംഭിച്ചതു മുതൽ, ആയിരക്കണക്കിന് നിക്ഷേപക വീസകൾ (എസ്ഐവി) നൽകിയിട്ടുണ്ട്. ഇത് ലഭച്ചതിൽ 85% അപേക്ഷകരും ചൈനയിൽ നിന്നുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നവീകരണത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായിട്ടാണ് ഗോൾഡൻ വീസ അവതരിപ്പിച്ചത്.
വീസ ലഭിക്കാൻ ഓസ്‌ട്രേലിയയിൽ 3.3 മില്യൻ യുഎസ് ഡോളർ നിക്ഷേപിക്കണമെന്നായിരുന്നു വ്യവസ്ഥ. അനധികൃത റഷ്യൻ ഫണ്ടുകളുടെ വരവിനെക്കുറിച്ച് ആശങ്കകൾ ചൂണ്ടിക്കാട്ടി 2022ൽ മെഗാ-സമ്പന്നർക്കുള്ള ഫാസ്റ്റ് ട്രാക്ക് റസിഡൻസി പദ്ധതി അവസാനിപ്പിക്കാനുള്ള യുകെയുടെ തീരുമാനത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ നീക്കമെന്നും ശ്രദ്ധേയം.
അതുപോലെ, സമ്പന്നരായ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് അതിവേഗ പൗരത്വം നൽകുന്ന മാൾട്ടയിലും ഗോൾഡൻ വീസ പ്രോഗ്രാമുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.