സർക്കാർ ഓഫീസുകളിൽ നിന്ന് ഡീപ്‌ സീക്ക് നിരോധിച്ച് ഓസ്ട്രേലിയ

മെൽബൺ: സുരക്ഷാപരമായ അപകട സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഡീപ് സീക്ക് എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും നിരോധിച്ച് ഓസ്ട്രേലിയ. എല്ലാ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഡീപ്സീക്ക് ഉല്‍പന്നങ്ങള്‍, ആപ്ലിക്കേഷനുകള്‍, വെബ് സേവനങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദേശം നല്‍കി.

ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷയും ദേശീയ താല്‍പര്യവും സംരക്ഷിക്കുന്നതിനാണ് അടിയന്തര നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു. എന്നാല്‍ സ്വകാര്യ പൗരന്മാരുടെ ഉപകരണങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ല.

ഉപയോക്താക്കള്‍ നല്‍കുന്ന ഇന്‍പുട്ടുകള്‍ ചാറ്റ് ജിപിടി പോലുളള എ.ഐ മോഡലുകള്‍ ബാഹ്യ സെര്‍വറുകളിലാണ് സ്വീകരിക്കുന്നത്. ഇത് ഡാറ്റാ ചോര്‍ച്ചയ്ക്കും അനധികൃത ആക്സസിനും വഴിയൊരുക്കുമെന്ന ആശങ്കകളെ തുടർന്നാണ് നടപടി. സുരക്ഷിതമായ സാമ്പത്തിക ഡാറ്റ, നയങ്ങളുടെ ഡ്രാഫ്റ്റുകള്‍, വകുപ്പുകള്‍ തമ്മിലുളള ആന്തരിക ആശയ വിനിമയങ്ങള്‍ തുടങ്ങിയ സുപ്രധാന രേഖകളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് ഇത് വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കാനിടയുണ്ട്.

എ.ഐ ആപ്ലിക്കേഷനുകള്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ക്ലൗഡ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഡിവൈസുകളില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്തതിനാല്‍ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഡീപ് സീക്ക് പുറത്തിറക്കിയതിന് ശേഷം ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സുരക്ഷാ ആശങ്കകൾ കാരണം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ സർക്കാർ രണ്ട് വർഷം മുമ്പ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

Related Articles

Back to top button