ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിന് അനുമതി

ഓക്സ്ഫോർഡ് സർവകലാശാലയുടെ ആസ്ട്രസെനക്ക വാക്‌സിന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകാനുള്ള അനുമതി.

ഓസ്‌ട്രേലിയയുടെ വാക്‌സിനേഷന്‍ പദ്ധതിയിലുള്‍പ്പെടുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനക്ക കൊവിഡ് വാക്‌സിൻ.

രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച ഫൈസർ വാക്‌സിൻ ഫെബ്രുവരി 22 മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഓക്സ്ഫോർഡ് – ആസ്ട്രസെനക്ക വാക്‌സിന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (TGA) അനുമതി നൽകിയത്.

18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകാൻ അനുമതി.

ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും 65 വയസ്സിന് മുകളിൽ പ്രായമായവർക്ക് വാക്‌സിൻ നൽകുന്നതെന്ന് TGA അറിയിച്ചു.

എല്ലാ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകിയതെന്നും മാർച്ച് ആദ്യം വാക്‌സിൻ വിതരണം ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും ആരോഗ്യ മന്ത്രി ഹണ്ട് പറഞ്ഞു.

ആസ്ട്രസെനക്ക വാക്‌സിന്റെ 53.8 മില്യൺ ഡോസുകളാണ് ഓസ്ട്രേലിയ വാങ്ങിയിരിക്കുന്നത്.

മെൽബണിലെ CSL സംവിധാനത്തിലാകും 50 മില്യൺ ഡോസുകളും നിർമ്മിക്കുന്നത്. എന്നാൽ ഈ വാക്‌സിൻ എന്ന് വിതരണം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

തിങ്കളാഴ്ച മുതൽ നൽകി തുടങ്ങുന്ന ഫൈസർ വാക്‌സിന്റെ 142,000 ഡോസുകൾ യൂറോപ്പിൽ നിന്ന് സിഡ്‌നിയിൽ എത്തിയിട്ടുണ്ട്.

ആഴ്ചയിൽ 80,000 ഡോസുകൾ വിതരണം ചെയ്യാനാണ് സർക്കാരിന്റെ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കായി 50,000 ഡോസുകൾ മാറ്റിവയ്ക്കും.

ബാക്കിയുള്ള 30,000 ഡോസുകൾ രാജ്യത്തെ ഏജ്ഡ് കെയറിലും ഡിസബിലിറ്റി കെയറിലുമുള്ള താമസക്കാർക്കും ജീവനക്കാർക്കുമാണ് നൽകുകഎന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.

ഈ മാസം അവസാനത്തോടെ 60,000 ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഹണ്ട് പറഞ്ഞു.

ഇതിനായി എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Related Articles

Back to top button