മെൽബൺ: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഓസ്ട്രേലിയ പുതിയ സ്കോളർഷിപ്പ്, ഗ്രാന്റ് പദ്ധതികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് മൈത്രി എന്ന പേരിലെ ഈ പദ്ധതി.
ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മരീസ് പൈൻ മൈത്രി സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്.
മൂന്നു മൈത്രി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉന്നത നിലവാരം പുലർത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലേക്ക് ആകർഷിക്കാനുള്ള മൈത്രി സ്കോളർഷിപ്പ്, ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും പ്രൊഫഷണലുകൾക്ക് ഗവേഷണത്തിലും മറ്റ് മേഖലകളിലും സഹകരിക്കാൻ അവസരമൊരുക്കുന്ന ഫെലോഷിപ്പ്, കലാ-സാംസ്കാരിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള പങ്കാളിത്ത പദ്ധതി എന്നിവയാണ് ഇത്.
ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാനായി 11.2 മില്യൺ ഡോളറിന്റെ സ്കോളർഷിപ്പാണ് നൽകുക. അടുത്ത നാലു വർഷത്തേക്കാണ് ഈ സ്കോളർഷിപ്പ്.
മികച്ച അക്കാദമിക് നിലവാരമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
കൊവിഡ് കാലത്ത് അതിർത്തികൾ അടഞ്ഞുകിടന്നപ്പോൾ നിരവധി രാജ്യാന്തര വിദ്യാർത്ഥികൾ ഓസ്ട്രേലിയ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങൾ തേടിയിരുന്നു.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ വീണ്ടും ആകർഷിക്കാൻ വിസ ഫീസ് ഇളവ് ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിലേക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ അയയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഈ സ്കോളർഷിപ്പിനു പുറമേ, ഭാവി നേതാക്കളുടെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി 3.5 ദശലക്ഷം ഡോളറിന്റെ മൈത്രി ഫെലോഷിപ്പ് ആന്റ് ഗ്രാന്റ് പദ്ധതിയും പ്രഖ്യാപിച്ചു.
ഇരു രാജ്യങ്ങളും മുൻഗണന നൽകുന്ന വിഷയങ്ങളിൽ പ്രൊഫഷണലുകളുടെ സഹരണത്തിനു വേണ്ടിയാണ് ഇത്.
കലാ-സാംസ്കാരിക മേഖലകളിലെ സഹകരണം കൂട്ടുന്നതിന് 6.1 ദശലക്ഷം ഡോളറിന്റെ സഹായവും നൽകും. കലാരൂപങ്ങൾ, സിനിമ, ടെലിവിഷൻ, സംഗീതം, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെ സഹകരണത്തിനാണ് ഇത്.
ഇതോടൊപ്പം, അതിർത്തി തുറക്കുന്പോൾ ഓസ്ട്രേലിയയിലേക്ക് കൂടുതൽ ഇന്ത്യാക്കാരെ ആകർഷിക്കുക എന്നതും ഓസ്ട്രേലിയൻ സർക്കാരിന്റെ ലക്ഷ്യമാണ്.
കൊവിഡിന് മുമ്പ് ഓസ്ട്രേലിയൻ ടൂറിസം രംഗത്ത് ഇന്ത്യയുടെ സംഭാവന കുതിച്ചുയരുകയായിരുന്നു.
2019ൽ നാലു ലക്ഷം ഇന്ത്യാക്കാരാണ് ഓസ്ട്രേലിയ സന്ദർശിച്ചത്. 1.8 ബില്യൺ ഡോളറാണ് അവർ ഓസ്ട്രേലിയയിൽ ചെലവഴിച്ച തുക.