ഓസ്‌ട്രേലിയയിൽആസ്ട്രസെനക്ക വാക്സിൻ ഇനി 60നു മേൽ പ്രായമുള്ളവർക്ക് മാത്രം

ഓസ്‌ട്രേലിയയിൽ 52 വയസ്സുള്ള സ്ത്രീ രക്തം കട്ടപിടിച്ച് മരിച്ചതിനെത്തുടർന്ന് വാക്‌സിൻ വിതരണത്തിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ വരുത്തി. 60 വയസ്സിന് മേൽ പ്രായമായവരിൽ മാത്രമാകും ഇനി ആസ്ട്രസെനക്ക വാക്‌സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.

ഓസ്‌ട്രേലിയയിൽ വിതരണാനുമതിയുള്ള രണ്ട് വാക്‌സിനുകളിൽ ഒന്നാണ് ആസ്ട്രസെനക്ക. ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ നിരവധി പേർക്ക് രക്തം കട്ടപിടിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

ഇതിൽ ഭൂരിഭാഗം പേരും 50 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും അതിനാൽ 40നും 49നുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിൻ നൽകാനുമാണ് നിർദ്ദേശം നൽകിയിരുന്നത്.

എന്നാൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ച 52 കാരി രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് ഇവർ മരിച്ചതെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) സ്ഥിരീകരിച്ചിരുന്നു. ഏപ്രിലിൽ ന്യൂ സൗത്ത് വെയിൽസിലുള്ള ഒരു 48 കാരിയും മരിച്ചിരുന്നു.

ഇതേതുടർന്ന് ആസ്ട്രസെനക്ക വാക്‌സിൻ നൽകുന്നതിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തണമെന്ന് ഓസ്‌ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (ATAGI) സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

ഇത് കണക്കിലെടുത്താണ് ഫെഡറൽ സർക്കാർ പ്രായപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.

രാജ്യത്ത് 60 വയസ്സിന് മേൽ പ്രായമായവർക്ക് മാത്രമാകും ഇനി ആസ്ട്രസെനക്ക വാക്‌സിൻ നൽകുക.

ഇതോടെ 40 നും 59 നുമിടയിൽ പ്രായമായവർക്ക് ഉടൻ ഫൈസർ വാക്‌സിൻ നല്കിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

അതായത് 60 വയസ്സിന് മേൽ പ്രായമായവർക്കാണ് ഇനി ആസ്ട്രസെനക്ക വാക്‌സിൻ നൽകുന്നത്.

അതേസമയം, ആദ്യ ഡോസ് ആസ്ട്സെനക്ക വാക്‌സിൻ എടുത്തവർക്ക് പാർശ്വഫലനങ്ങൾ ഒന്നും ഇല്ലാത്തപക്ഷം ഇവർ രണ്ടാം ഡോസും ആസ്ട്രസെനക്ക തന്നെ സ്വീകരിക്കാനാണ് നിർദ്ദേശിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പോൾ കെല്ലി അറിയിച്ചു.

നിലവിൽ 50നും 59നുമിടയിൽ പ്രായമായ 8,15,000 പേർ ആസ്ട്ര സെനക്ക വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞതായി ഹണ്ട് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ആസ്ട്രസേനക്കാ വാക്‌സിൻ സ്വീകരിച്ച 38 ലക്ഷത്തിലേറെ പേരിൽ 60 പേർക്ക് രക്തം കട്ടപിടിച്ചതായി TGA യുടെ പുതിയ കണക്കുകൾ പറയുന്നു. ഇതിൽ രണ്ട് പേരാണ് മരിച്ചത്. നാല് പേർ ICU വില കഴിയുകയാണെന്നും TGA സൂചിപ്പിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version