ഭവന വിലയിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ANZ

കാഷ്റേറ്റിൽ റിസർവ്വ് ബാങ്ക് വരുത്തുന്ന വർദ്ധനവും, വായ്പ ശേഷിയിലുണ്ടാകുന്ന കുറവും ഭവന വിപണിയെ ദോഷകരമായി ബാധിക്കുമെന്നാണ് ANZ ൻറ വിലയിരുത്തൽ. വീട് വിലയിൽ കുറഞ്ഞത് 15 ശതമാനത്തിൻറെ കുറവുണ്ടാകുമെന്ന് കോമൺ‌വെൽത്ത് ബാങ്കും പ്രവചിച്ചിട്ടുണ്ട്.

2022- 23 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഭവന വിപണയിൽ 20 ശതമാനത്തിൻറെ കുറവുണ്ടാകുമെന്നാണ് ANZ ബാങ്കിൻറെ വിലയിരുത്തൽ.
2022 അവസാനത്തോടെ ക്യാഷ് റേറ്റ് നിരക്ക് റിസർവ്വ് ബാങ്ക് 3.35 ശതമാനത്തിലെത്തിലേക്കുയർത്തുമെന്നും ANZ പറയുന്നു.

ഇത് വേരിയബിൾ പലിശ നിരക്കിനെ 6 ശതമാനത്തിലേക്കെത്തിക്കുമെന്നാണ് ANZൻറെ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

പലിശ നിരക്കിൽ വരുത്തുന്ന വർദ്ധനവ് ഉപഭോക്താക്കളുടെ വായ്പാ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് വീട് വില കുറയാൻ ഇടയാക്കുമെന്നും ANZ ൻറെ റിപ്പോർട്ടിൽ പറയുന്നു.

പലിശ നിരക്ക് ഉയരുന്നതോടെ വായ്പ മാനദ്ണ്ഡങ്ങൾ ബാങ്കുകൾ കൂടുതൽ കർശനമാക്കും. ഉയർന്ന പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് വായ്പ നൽകാനാകുമോ എന്ന് ബാങ്കുകൾ പരിശോധിക്കുമെന്നും ANZ പറയുന്നു.

ക്യാഷ് റേറ്റ് 3.35 ശതമാനത്തിലെത്തുന്നത് വായ്പ ശേഷി അഥവാ ബോറോയിംഗ് കപ്പാസിറ്റി 30 ശതമാനം കുറയ്ക്കുന്നതിന് തുല്യമാണെന്നും ബാങ്കിൻറെ സാമ്പത്തിക വിദ്ഗദർ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയിലെ മറ്റ് പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളും വീട് വിലയിൽ സമാന രീതിയിലുള്ള കുറവ് പ്രവചിച്ചിട്ടുണ്ട്.

ക്യാഷ് റേറ്റ് RBA 2.6 ശതമാനത്തിലേക്ക് ഉയർത്തിയാൽ പോലും വീട് വിലയിൽ കുറഞ്ഞത് 15 ശതമാനത്തിൻറെ കുറവാണ് കോമൺ‌വെൽത്ത് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.

വായ്പ ശേഷിയിലെ കുറവും പലിശ നിരക്കിലെ വർദ്ധവും ഉൾനാടൻ പ്രദേശങ്ങളിലെ ഭവന വിപണിയെ ബാധിച്ചതായും ANZൻറെ റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന പലിശനിരക്ക് മൂലം വായ്പശേഷിയിലുണ്ടാകുന്ന കുറവ് പ്രാദേശിക വിപണിയെ ബാധിച്ചതായി സാമ്പത്തിക വിശകലന സ്ഥാപനമായ CoreLogic ൻറെ കണക്കുകളും വ്യക്തമാക്കുന്നു.

സിഡ്നിയുടെ സമീപ മേഖലകളായ റിച്ച്‌മണ്ട്-ട്വീഡ് പ്രദേശങ്ങൾ(-4.5 per cent), ഇല്ലവാര (-3.5 ശതമാനം), സതേൺ ഹൈലാൻഡ്‌സ്, ഷോൽഹാവൻ (-3.0 ശതമാനം) എന്നിവടങ്ങളിലാണ് വീട് വിലയിൽ കുറവുണ്ടായത്.

2024ലോടെ വീട് വില തിരിച്ച് കയറി തുടങ്ങുമെന്നും ANZൻറെ റിപ്പോർട്ടിൽ പറയുന്നു. വാടക വീടുകൾക്കുളള ഉയർന്ന ആവശ്യകത, വർദ്ധിച്ചുവരുന്ന കുടിയേറ്റം, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് തുടങ്ങിയ ഘടകങ്ങൾ വീട് വില ഉയരാൻ സഹായിക്കുമെന്നാണ് ബാങ്കിൻറെ വിലയിരുത്തൽ.

2024ൽ വീട് വിലയിൽ ഏകദേശം 5 ശതമാനത്തിൻറെ വർദ്ധനവാണ് ANZ കണക്ക് കൂട്ടുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version