ഓസ്ട്രേലിയയുടെ 31ാം പ്രധാനമന്ത്രിയായി ലേബർ നേതാവ് ആന്തണി അൽബനീസി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചംഗ ഇടക്കാല മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.
കാൻബറയിലെ ഗവൺമെന്റ് ഹൗസിൽ ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവാണ് പുതിയ പ്രധാനമന്ത്രി ആന്തണി അൽബനീസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നിവർ ഉൾപ്പെടുന്ന ക്വാഡ് നേതൃയോഗത്തിനായി ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ തന്നെ അൽബനീസി സർക്കാർ അധികാരമേറ്റത്.
ഉപപ്രധാനമന്ത്രിയായി റിച്ചാർഡ് മാൾസ്, വിദേശകാര്യമന്ത്രിയായി പെന്നി വോംഗ്, ട്രഷററായി ജിം ചാമേഴ്സ്, ധനമന്ത്രിയായി കേറ്റ ഗാലഘർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി പെന്നി വോംഗും ഇന്നു തന്നെ ജപ്പാനിലേക്ക് തിരിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായാണ് കൂടിക്കാഴ്ച.
ലോകത്തിന് തന്നെ ഒരു സന്ദേശം നൽകുന്ന കൂടിക്കാഴ്ചകളാകും ഇതെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം അൽബനീസി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഓസ്ട്രേലിയൻ നിലപാടിൽ മാറ്റമുണ്ടാകും എന്ന സന്ദേശം ലോകത്തിന് നൽകുന്നതാകും ഈ ക്വാഡ് യോഗം.
പൂർണ മന്ത്രിസഭ അടുത്തയാഴ്ച
ക്വാഡ് യോഗം കണക്കിലെടുത്ത് തിരക്കിട്ട് സത്യപ്രതിജ്ഞ ചെയ്തെങ്കിലും, പൂർണ മന്ത്രിസഭ അടുത്തയാഴ്ച മാത്രമേ രൂപീകരിക്കൂ.
അടുത്ത ചൊവ്വാഴ്ച ലേബർ പാർട്ടി യോഗം ചേർന്ന് മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും, ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി; പ്രതീക്ഷ ഭൂരിപക്ഷം
ലേബർ പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന് വ്യക്താകുന്നതിന് മുമ്പാണ് അൽബനീസി സർക്കാർ അധികാരമേറ്റിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലേബറിന് 75 സീറ്റുകളിലാണ് മുൻതൂക്കം.
151 അംഗ പാർലമെന്റിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ 76 സീറ്റുകൾ വേണം.
77 സീറ്റുകൾ തങ്ങൾക്ക് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി ഇപ്പോഴും.
ലിബറൽ-നാഷണൽ സഖ്യത്തിന് 59 സീറ്റുകളാകും ലഭിക്കുക എന്നാണ് സൂചന.
അങ്ങനെ വന്നാൽ, ക്രോസ് ബഞ്ചിൽ 15 എം പിമാരാകും ഉണ്ടാകുന്നത്.
ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പോലും സർക്കാർ രൂപീകരണത്തിന് ക്രോസ് ബഞ്ച് അംഗങ്ങളുമായി കരാർ ഉണ്ടാക്കില്ലെന്ന് അൽബനീസി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിലവിൽ പാർലമെന്റിലുണ്ടായിരുന്ന ക്രോസ് ബെഞ്ച് അംഗങ്ങളുമായി സംസാരിച്ചെന്നും, സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ അവരുടെ സഹകരണം ഉപ്പാക്കിയെന്നും അൽബനീസി പറഞ്ഞു.
സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ഈ ക്രോസ് ബഞ്ച് എം പിമാർ ഉറപ്പു നൽകിയിട്ടുണ്ട്.
കടപ്പാട്: SBS മലയാളം