ഓസ്ട്രേലിയൻ ദേശീയ ഗാനത്തിൽ ഭേദഗതി; ഇന്ന് മുതൽ പ്രാബല്യത്തിൽ

ഓസ്ട്രേലിയയിൽ ആദിമവർഗ്ഗ ചരിത്രവും സംസ്കാരവും കൂടുതൽ വ്യക്തമായ പ്രതിഫലിപ്പിക്കുന്നതിനായി ദേശീയ ഗാനത്തിൽ ഭേദഗതി വരുത്തി. 2021 ജനുവരി ഒന്നുമുതൽ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

അഡ്വാൻസ് ഓസ്ട്രേലിയ ഫെയർ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഒറ്റ വരിയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നതെങ്കിലും, ദേശീയ ഗാനത്തിന്റെ അന്തസത്തയിൽ പ്രധാന മാറ്റം വരുത്തുന്നതാണ് അത്.

ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

“For we are young and free” എന്ന വരി, “For we are one and free” എന്നാക്കി മാറ്റുകയാണ്.

ആധുനിക ഓസ്ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അർത്ഥത്തിലായിരുന്നു 1878ൽ ഈ ഗാനം രചിച്ചത്.

എന്നാൽ, 60,000 വർഷത്തിലേറെ പഴക്കമുള്ള ഓസ്ട്രേലിയൻ മനുഷ്യ ചരിത്രം തമസ്കരിക്കുകയാണ് ഈ പ്രയോഗം എന്ന വിമർശനം ഏറെ നാളായുണ്ട്.

ഓസ്ട്രേലിയൻ ഭരണഘടനയിൽ ആദിമവർഗ്ഗ വിഭാഗങ്ങൾക്ക് അംഗീകാരം നൽകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ ഗാനത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പ് നടത്തിയത്.

ഓസ്ട്രേലിയ സ്വതന്ത്രമായ ഒരു യുവ രാജ്യമാമ് എന്നതിനു പകരം, എല്ലാവരും ഒന്നായ സ്വതന്ത്ര രാജ്യം എന്ന അർത്ഥത്തിലേക്ക് ദേശീയ ഗാനത്തിന്റെ രണ്ടാം വരി മാറും.

143 വർഷങ്ങൾക്ക് മുമ്പ് രചിച്ച ഈ ഗാനം, ഓസ്ട്രേലിയയുടെ ചരിത്രവും സംസ്കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോൾ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യങ്ങളിലൊന്ന് എന്ന അഭിമാനത്തെ കൂടുതൽ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച അടിസ്ഥാന ശിലകൾക്ക് നൽകുന്ന ബഹുമാനം കൂടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

1878ൽ പീറ്റർ ഡോഡ്സ് മക്കോർമിക്ക് രചിച്ച് അവതരിപ്പിച്ച ഗാനമാണ് ഇത്.

1984 ഏപ്രിൽ 19നാണ് ഇത് ദേശീയ ഗാനമായി അംഗീകരിച്ചത്.

ഗോഡ് സേവ് ദ ക്വീൻ എന്ന ദേശീയ ഗാനത്തിന് പകരമായിട്ടായിരുന്നു ഇത്.

ദേശീയ ഗാനത്തിലെ വരികൾ മാറ്റണമെന്ന് അന്ന് തന്നെ ആവശ്യമുയർന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി ബോബ് ഹോക്ക് തന്നെ ഗവർണർ ജനറലിനോട് ഈ ആവശ്യമുന്നയിച്ചു.

ദേശീയ ഗാനം പുനപരിശോധിക്കുന്നതിനായി രൂപീകരിച്ച ഒരു സമിതിയും ഈ വാക്ക് മാറ്റാൻ ശുപാർശ നൽകി.

ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഉൾപ്പെടെ നിരവധി പ്രീമിയർമാരും നേതാക്കളും അറിയിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഓസ്ട്രേലിയ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിട്ട വർഷമാണ് കടന്നുപോയതെന്ന് പുതുവർഷ സന്ദേശത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, തുടർസംസ്കാരത്തിന്റെ ആഘോഷമാണ് ദേശീയ ഗാനത്തിലെ ഈ മാറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version