ഓസ്‌ട്രേലിയൻ ജനതയിൽ പകുതിയോളം പേർക്കും ഇതിനകം കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്
പ്രായപൂർത്തിയായ ഓസ്‌ട്രേലിയക്കാരിൽ പകുതിയോളം പേർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഏറ്റവും കൂടുതൽ രോഗബാധാ നിരക്ക് 18 മുതൽ 29 വരെ വയസ് പ്രായമുള്ളവരുടെ വിഭാഗത്തിലാണെന്നും സർവേ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ പ്രായപൂർത്തിയായവരിൽ 46.2% പേർക്ക് കൊറോണവൈറസ് ബാധിച്ചുകഴിഞ്ഞു കാണുമെന്ന് രോഗബാധാ നിരക്ക് സംബന്ധിച്ചുള്ള സർവേ വെളിപ്പെടുത്തി.
നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ റിസേർച് ആൻഡ് സർവേയ്‌ലൻസിന്റെയും, കിർബി ഇൻസ്റ്റിറ്റ്യൂട്ട് ന്യൂ സൗത്ത് വെയിൽസിന്റെയും നേതൃത്വത്തിൽ നടത്തുന്ന സെറോസർവേ എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.
നാല് ഘട്ടങ്ങളായി നടത്തുന്ന സർവേയുടെ രണ്ടാം ഘട്ടത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
2022 ഫെബ്രുവരിയിൽ പൂർത്തിയാക്കിയ ആദ്യ സർവേയിൽ 17% ഓസ്‌ട്രേലിയക്കാർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞിട്ടുള്ളതായാണ് കണ്ടെത്തിയത്. ജൂൺ മാസത്തിൽ പൂർത്തിയായ രണ്ടാം സർവേയിൽ ഈ സംഖ്യ 46.2% ലേക്ക് ഉയർന്നതായി ഗവേഷകർ വെളിപ്പെടുത്തി.
കൊറോണവൈസ് ബാധിച്ചവരുടെ രക്തസാമ്പിളുകളിലെ ആന്റിബോഡി സാന്നിധ്യമാണ് കണക്കുകൾ തയ്യാറാക്കാൻ സഹായിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.
18 വയസ് മുതൽ 89 വയസുവരെയുള്ള 5,139 പേരുടെ രക്ത സാമ്പിളുകളാണ് രണ്ടാം ഘട്ട സർവേയിൽ പരിശോധിച്ചത്.
18-29 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ 61.7% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി.
വെസ്റ്റേൺ ഓസ്‌ട്രേലിയ ഒഴിച്ചുള്ള മറ്റ് പ്രദേശങ്ങളിൽ ആദ്യ സർവ്വേയ്ക്ക് ശേഷമുള്ള വർദ്ധനവ് ഏകദേശം തുല്യമായ നിരക്കിലായിരുന്നവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 0.5% എന്നായിരുന്നു ഫെബ്രുവരി മാസത്തിലെ പോസ്റ്റിവിറ്റി നിരക്ക്. ഇത് മൂന്ന് മാസത്തിനകം 37.5% ത്തിലേക്ക് ഉയർന്നു.
കൊവിഡിനെതിരെ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്നത് വാക്‌സിനേഷൻ, ബൂസ്റ്റർ ഡോസുകൾ ശരിയായി സ്വീകരിച്ചിട്ടുള്ളവർക്കിടയിലാണെന്ന് പഠനം നടത്തിയ ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്.
മൂന്നാമത്തെ സർവേ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും.
കടപ്പാട്: SBS മലയാളം