പെർത്തിലെ മലയാളി ബാലികയുടെ മരണം: കടുത്ത വീഴ്ചയെന്ന് റിപ്പോർട്ട്
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മലയാളി ബാലിക ഐശ്വര്യ അശ്വത് മരിച്ചത് മതിയായ ചികിത്സ കിട്ടാതെയാണെന്ന് വകുപ്പു തല അന്വേഷണത്തിൽ കണ്ടെത്തി. വീഴ്ചകളുടെ പേരിൽ ഐശ്വര്യയുടെ കുടുംബത്തോട് സംസ്ഥാന സർക്കാർ മാപ്പുപറഞ്ഞു.
ഏപ്രിൽ മൂന്നിനായിരുന്നു പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ വച്ച് ഏഴു വയസുകാരിയായ ഐശ്വര്യ അശ്വത് മരിച്ചത്.
രണ്ടു മണിക്കൂറോളം വാർഡിൽ കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചില്ല എന്നായിരുന്നു ആരോപണം.
ഐശ്വര്യയ്ക്ക് മതിയായ ചികിത്സ നൽകുന്നതിൽ വീഴ്ച വന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
“ഐശ്വര്യയ്ക്ക് കൂടുതൽ മികച്ച ശ്രദ്ധയും പരിചരണവും നൽകാമായിരുന്നു. അത് ലഭിച്ചില്ല” ആരോഗ്യമന്ത്രി റോജർ കുക്ക് പറഞ്ഞു.
“ഐശ്വര്യയുടെ രക്ഷിതാക്കൾ ചികിത്സ ആവശ്യപ്പെട്ടിട്ടും അത് നൽകാൻ ആശുപത്രിക്ക് കഴിഞ്ഞില്ല. സർക്കാരിനു വേണ്ടി അവരോട് ഞാൻ പരസ്യമായി മാപ്പു ചോദിക്കുന്നു.” റോജർ കുക്ക് പറഞ്ഞു.
ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നു എന്നു കണ്ടെത്താനാണ് റൂട്ട് കോസ് അനാലിസിസ് എന്നറിയപ്പെടുന്ന അന്വേഷണം തുടങ്ങിയത്.
ഈ റിപ്പോർട്ട് വൈകിയ സാഹചര്യത്തിൽ ഐശ്വര്യയുടെ മാതാപിതാക്കൾ ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു.
കടപ്പാട്: SBS മലയാളം