ഇന്ത്യന്‍ യുവാക്കളുടെ പ്രത്യേകിച്ച് മലയാളി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സ്വപ്‌ന ഭൂമികയിലൊന്നാണ് ഓസ്‌ട്രേലിയ.
ഉന്നന പഠനത്തിനും ജോലി നേടാനും പറ്റിയ രാജ്യമെന്ന പെരുമയാണ് മലയാളികള്‍ക്കിടയിലും ഓസ്‌ട്രേലിയയ്ക്കുള്ളത്. ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് തന്നെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത് ആയിരങ്ങളാണ്.
എന്നാല്‍, ഈ പറയുന്നത് പോലെ ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ അത്ര ഒ.കെ ആണോ? അല്ലെന്ന് വ്യക്തമാക്കുകയാണ് ഓസ്‌ട്രേലിയന്‍ പൊതുനയ ഗവേഷണ സ്ഥാപനമായ ഗ്രാട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Grattan Institute) പുറത്തിറിക്കിയ പഠന റിപ്പോര്‍ട്ട്.
പൊള്ളയായ വാഗ്ദാനങ്ങള്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാത്ത താമസം, മികവുറ്റ പഠന സൗകര്യം, ജോലി സാദ്ധ്യതകള്‍ തുടങ്ങിയ വാഗ്ദാനങ്ങളോടെയാണ് ഓസ്‌ട്രേലിയ വരവേല്‍പ്പ് നല്‍കുന്നത്.
എന്നാല്‍, അവിടെ ഉന്നത പഠനം നേടുന്നവരില്‍ മിക്കവര്‍ക്കും തന്നെ വാഗ്ദാനം ചെയ്യപ്പെട്ട പെര്‍മനന്റ് റെസിഡന്‍സി വീസ കിട്ടുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. .
ജോലിയും മെച്ചമല്ല
ഉന്നത ഡിഗ്രി, മികച്ച ജോലി എന്നിവയൊക്കെ സ്വപ്‌നം കണ്ടാണ് ഓസ്‌ട്രേലിയിലേക്ക് പലരും വിമാനം കയറുന്നത്. അവിടെ പഠിച്ചിറങ്ങുന്നവരില്‍ പലര്‍ക്കും പക്ഷേ, വൈദഗ്ദ്ധ്യം തീരെ വേണ്ടാത്ത ലോ-സ്‌കില്‍ഡ് ജോലിയാണ് കിട്ടുന്നതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതില്‍ തന്നെ മിക്കവര്‍ക്കും ശമ്പളം വര്‍ഷം 53,300 ഓസ്‌ട്രേലിയന്‍ ഡോളറിലും താഴെയാണ് (ഏകദേശം 28 ലക്ഷം രൂപ). 50 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി (full-time employment) ലഭിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ജീവിതച്ചെലവ് പരിഗണിക്കുമ്പോള്‍ ഈ വരുമാനം പലര്‍ക്കും അപര്യാപ്തവുമാണ്.
വീസ പ്രശ്‌നങ്ങള്‍
താത്കാലിക പഠന-വീസയുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് നിലവില്‍ ഓസ്‌ട്രേലിയ സ്ഥിരതാമസ വീസ (permanent residency visa) നല്‍കുന്നത്.
2014ല്‍ മൂന്നില്‍ രണ്ടുപേര്‍ക്ക് പെര്‍മനന്റ് വീസ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പലരും വീണ്ടും പഠിക്കാന്‍ ചേരും.
ഇതുപക്ഷേ, വലിയ മെച്ചമൊന്നുമില്ലാത്ത വൊക്കേഷണല്‍ കോഴ്‌സുകളിലാണ് പലരും ചേരുന്നത്. ഓസ്‌ട്രേലിയയില്‍ കൂടുതല്‍ കാലം തുടരുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
നിലവില്‍ താത്കാലിക പഠന വീസയില്‍ ഏകദേശം ഒന്നരലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലുണ്ട്.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വാദ്ഗാനങ്ങള്‍ വഴി 2030ഓടെ ഇത് 3.70 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. അതായത്, വരും വര്‍ഷങ്ങളിലായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വീസ നടപടികളില്‍പ്പെട്ട് ഓസ്‌ട്രേലിയയില്‍ കുടുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇത്, മികച്ച വിദേശ പഠനകേന്ദ്രമെന്ന ഓസ്‌ട്രേലിയയുടെ പ്രതിച്ഛായ മോശമാക്കുകയേയുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍
ഗ്രാട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശ വിദ്യാര്‍ത്ഥികളുടെ പഠനാനന്തര വീസ കാലയാളവ് വെട്ടിച്ചുരുക്കയെന്നതാണ് ഇതില്‍ പ്രധാനം.
ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം കര്‍ക്കശമാക്കുക, 35 വയസിന് താഴെയുള്ളവരുടെ താത്കാലിക വീസ നിയന്ത്രിക്കുക, പ്രതിവര്‍ഷം ഓസ്‌ട്രേലിയന്‍ 70,000 ഡോളറിനുമേല്‍ വരുമാനം നേടുന്നവര്‍ക്ക് മാത്രമായി വീസ നിയന്ത്രിക്കുക, കഴിവുള്ള (Talent) വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വീസ സൗകര്യം സജ്ജമാക്കുക, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.