ന്യൂ സൗത്ത് വെയിൽസിൽ 46 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഓസ്ട്രേലിയയിലെ മൊത്തം പ്രതിദിന മരണ സംഖ്യ 80 ആയി. വിക്ടോറിയയിലും, NSWലെയും ആശുപത്രി കേസുകളിൽ ഇന്ന് കുറവ് രേഖപ്പെടുത്തി.
പ്രതിദിന മരണ സംഖ്യ റെക്കോർഡ് പിന്നിട്ടെങ്കിലും സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുകയാണെന്നാണ് NSW ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ. വൈറസിൻറെ സമൂഹ വ്യാപന വേഗം കുറഞ്ഞതായി സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാൻറ് പറഞ്ഞു.
കേസുകളുടെ പോസിറ്റിവിറ്റി നിരക്ക്, വിവിധ തൊഴിൽ മേഖലകളിലെ നിന്നുള്ള വിവരങ്ങൾ, ഐസുലേഷനിലുള്ള ജീവനക്കാരുടെ എണ്ണം,ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം തുടങ്ങിയ ഡാറ്റകളെല്ലാം വൈറസ് ബാധ കുറയുന്നതായാണ് കാണിക്കുന്നതെന്നും ചീഫ് ഹെൽത്ത് ഓഫീസർ പറഞ്ഞു.
ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിലും NSWൽ കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച 2,781 ആയിരുന്ന പ്രതിദിന ആശുപത്രി കേസുകൾ ഇന്ന് 2,743 ആയി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. നിലവിൽ 209 പേരാണ് വിവിധ ആശുപത്രികളിലെ ICU വിലുള്ളത്.
ന്യൂകാസിലിൽ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ചതിൻറെ കാരണത്തെ പറ്റി അന്വേഷിക്കുമെന്നും NSW ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചിരുന്ന കുട്ടിയുടെ മരണ കാരണത്തെ പറ്റി കൊറോണറാണ് അന്വേഷണം നടത്തുക.
വിക്ടോറിയയിലും ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 20 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ആശുപത്രികളിലുള്ള കൊവിഡ് രോഗികളിൽ 121 പേർ തീവ്രപരിചരണ വിഭാഗത്തിലും, 34 പേർ വെൻറിലേറ്ററിലുമാണുള്ളത്.
ക്വീൻസ്ലാൻറിൽ 13 കൊവിഡ് മരണങ്ങളും, 16,031 പുതിയ കൊവിഡ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.
കടപ്പാട്: SBS മലയാളം