വിക്ടോറിയയിൽ വീണ്ടും ആശങ്ക: എട്ട് പുതിയ കേസുകൾ

ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയയിലേക്കെത്തിയ കൊവിഡ്ബാധ കൂടുതൽ പേരിലേക്ക് പടർന്നു. സംസ്ഥാനത്ത് എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു.

സിഡ്‌നിയിൽ പടരുന്ന ഡെൽറ്റ വേരിയന്റ് വിക്ടോറിയയിലുമെത്തിയത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഒരാഴ്ചയിലേറെയായി കൊവിഡ് ബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത വിക്ടോറിയയിൽ ബുധനാഴ്ച എട്ട് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രാവിലെ റിപ്പോർട്ട് ചെയ്ത ഒരു കേസിന് പുറമെ ഏഴ് പുതിയ കേസുകളാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത്.

സിഡ്‌നിയിൽ നിന്നെത്തിയ രോഗബാധിതരായ തൊഴിലാളികളിൽ നിന്നുള്ളതാണ് കൂടുതൽ കേസുകളും.

വിക്ടോറിയയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വീട്ടുസാധനങ്ങളുമായാണ് തൊഴിലാളികൾ എത്തിയത്. വൈറസ്‌ബാധിച്ചിരുന്ന ഇവരിൽ നിന്ന് അപ്പാർട്ട്മെന്റിൽ കുറച്ചുപേർക്ക് രോഗം പടർന്നതോടെ അപ്പാർട്ട്മെന്റ് സമുച്ചയം തിങ്കളാഴ്ച ലോക്ക്ഡൗൺ ചെയ്തിരുന്നു.

തോമസ് ഹോംസ് സ്ട്രീറ്റിലുള്ള Ariele അപ്പാർട്ട്മെന്റ്സാണ് ലോക്ക്ഡൗൺ ചെയ്തത്.

ഇതിന്റെ മൂന്നാം നിലയിലുള്ള നാല് പേർക്ക് കൂടി പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ പുതുതായി റിപ്പോർട്ട് ചെയ്ത എട്ട് കേസുകളിൽ ആറും ഇവിടെയെത്തിയ തൊഴിലാളികളുമായി ബന്ധമുള്ളതാണ്.

രോഗബാധിതരിൽ ഒരാൾ 60 വയസിന് മേൽ പ്രായമുള്ളയാളാണ്. ഇയാളുടെ പ്രായമായ മാതാപിതാക്കൾക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാൾ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന AFL മത്സരം കാണാൻ പോയിരുന്നു. കൂടാതെ ഹൈ പോയിന്റ് ഷോപ്പിംഗ് സെന്ററും സന്ദർശിച്ചിട്ടുണ്ട്.

കൂടാതെ, സിഡ്‌നിയിൽ നിന്ന് തിരിച്ചെത്തിയ നാലംഗ കുടുംബത്തിലെ മൂന്ന് പേർക്ക് ചൊവ്വാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള ഒരാൾക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ക്രൈഗിബേനിലെ കോൾസ് സന്ദർശിച്ചിരുന്നു.

ഇവിടെ എത്തിയ 30ന് മേൽ പ്രായമായ ആളും പുതിയ രോഗബാധിതരിൽ ഉൾപ്പെടുന്നു.

ഇതോടെ ഒരാഴ്ചയിലേറെ കേസുകളൊന്നും ഇല്ലാതിരുന്ന വിക്ടോറിയയിൽ ഒറ്റ ദിവസം ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് വിക്ടോറിയൻ കൊവിഡ്-19 റെസ്പോൺസ് കമാണ്ടർ ജേരോൻ വീമർ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button