സ്വന്തം വീട്ടിൽ ജീവിക്കുന്നത് 15,018 മലയാളി കുടുംബങ്ങൾ
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളിൽ 62 ശതമാനം പേരും സ്വന്തമായി വീടു വാങ്ങിക്കഴിഞ്ഞെന്ന് കണക്കുകൾ. 15,018 മലയാളി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ജീവിക്കുന്നതിൽ, 887 കുടുംബങ്ങൾക്ക് ഹോം ലോൺ ബാധ്യതകളൊന്നുമില്ലെന്നും സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് 58.9 ശതമാനം മലയാളി കുടുംബങ്ങളും (14,131) ഹോം ലോണുള്ള വീടുകൾ സ്വന്തമായുള്ളവരാണ്.
ഭവനവായ്പ എടുത്തവരിൽ 12% കുടുംബങ്ങൾ മോർട്ഗേജ് സ്ട്രെസ് അനുഭവിക്കുന്നതായി, അഥവാ ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്നതായി സെൻസസ് വ്യക്തമാക്കുന്നു. രാജ്യശരാശരി 14.5 ശതമാനമാണ്.
മാസം 5,000 ഡോളറിനു മുകളിൽ ഭവന വായ്പ തിരിച്ചടക്കുന്നതു 697 കുടുംബങ്ങളാണ്.
മാസം 1,400 ഡോളറിനും 2,800 ഡോളറിനുമിടയിൽ ഹോം ലോൺ തിരച്ചടവുള്ളവരാണ് മലയാളികളിൽ ഭൂരിപക്ഷവും – 53.9 ശതമാനം.
മലയാളി സമൂഹത്തിൽ 3.7 ശതമാനം ഹോം ലോൺ ഇല്ലാത്തവരാണെങ്കിൽ ഓസ്‌ട്രേലിയൻ പൊതു സമൂഹത്തിൽ അത് 31 ശതമാനമാണ്.
36.2 ശതമാനം മലയാളികൾ വാടകവീടുകളിൽ കഴിയുന്നു.
വാടകവീടുകളിൽ താമസിക്കുന്നവരിൽ 9.4% കുടുംബങ്ങൾക്കാണ് റെന്റ് സ്ട്രെസ്, അഥവാ വാടക കൊടുക്കാൻ ബുദ്ധിമുട്ടുള്ളത്.
ഓസ്‌ട്രേലിയയിൽ 32 ശതമാനത്തിലധികം റെന്റ് സ്ട്രെസ് അനുഭവിക്കുന്ന സാഹചര്യത്തിൽ, മലയാളി സമൂഹത്തിനു രാജ്യശരാശരിയേക്കാളും കുറവാണ്.
ആഴ്ചയിൽ 500 ഡോളറിനു മുകളിൽ 17 ശതമാനത്തോളം കുടുംബങ്ങൾ വാടകക്കായി ചിലവഴിക്കുന്നു എന്നാണു കണക്ക്. 60 ശതമാനത്തിലധികം പേരും ആഴ്ചയിൽ 300 മുതൽ 474 ഡോളർ വരെയാണ് വാടകയായി നൽകുന്നത്.
23.2% മലയാളി വീടുകളിൽ മൂന്നു പേരുള്ളപ്പോൾ 39.8% ഭവനങ്ങളിൽ നാല് പേരാണുള്ളത്.
8 പേരിലധികമുള്ള 90 മലയാളി വീടുകൾ ഓസ്‌ട്രേലിയയിൽ ഉണ്ടെന്നും സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യ ശരാശരിയേക്കാൾ കൂടുതൽ മലയാളികൾ അപ്പാർട്മെന്റുകൾ, യൂണിറ്റുകൾ, ഫ്ലാറ്റുകൾ എന്നിവയിൽ താമസിക്കുന്നതായി സെൻസസ് റിപ്പോർട്ട് ചെയുന്നു. 16.5 ശതമാനം മലയാളികൾ അപ്പാർട്മെന്റുകൾ അല്ലെങ്കിൽ ഫ്ലാറ്റുകളിൽ കഴിയുമ്പോൾ രാജ്യ ശരാശരി 14.2 ശതമാനമാണ്.
കടപ്പാട്: SBS മലയാളം