അലർജിക്ക് കാരണമാകുന്ന പദാർത്ഥങ്ങളുടെ വിവരങ്ങൾ ഭക്ഷണ പാക്കറ്റുകളിൽ പ്രദർശിപ്പിക്കുന്ന രീതിയിൽ മാറ്റം നടപ്പിലാക്കി. ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നുള്ള അലർജി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ലേബലിംഗ് മാനദണ്ഡങ്ങളിൽ മാറ്റം നടപ്പിലാക്കിയത്.
ഓസ്‌ട്രേലിയ ന്യൂസീലാൻഡ് ഫുഡ് സ്റ്റാൻഡേർഡ്‌സ് കോഡാണ് ഫെബ്രുവരി 25 ന് ലേബലിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയത്.
അലർജിക്ക് കാരണമാകുന്ന ഘടകങ്ങളുടെ വിശദാംശങ്ങൾ പാക്കേജിംഗ് ലേബലുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ രീതിയിലാണ് പ്രധാന മാറ്റം .
ഇംഗ്ളീഷിൽ വലിയ അക്ഷരത്തിൽ, സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ നൽകണമെന്നതാണ് മാറ്റം.
ഭക്ഷണ പദാർത്ഥങ്ങളുടെ ലേബലുകളിൽ ഈ വിവരങ്ങൾ എവിടെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിലും മാറ്റമുണ്ട്.
പാക്കേജിലെ ഘടകങ്ങളെക്കുറിച്ചുള്ള (Ingredients) വിവരങ്ങൾക്ക് പുറമെ അലർജിക്ക് കരണമാകാൻ സാധ്യതയുള്ള ഘടകങ്ങളുടെ വിവരങ്ങൾ വ്യക്തമായി ഇതിന് സമീപത്ത് പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. നിലവിൽ ഇത്തരം വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയണമെന്നില്ല.
ഓസ്‌ട്രേലിയ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ ഭക്ഷണസംബന്ധമായ അലർജി നിരക്ക് ഏറ്റവും കൂടുതലാണെന്നാണ് വേൾഡ് അലർജി സംഘടനയുടെ കണക്കുകൾ.
ഓസ്‌ട്രേലിയയിൽ പ്രായപൂർത്തിയായവരിൽ ഒന്ന് മുതൽ രണ്ട് ശതമാനവും, അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ നാല് മുതൽ എട്ട് ശതമാനവും ഫുഡ് അലർജി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇത് ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗത്തിന് ഏഴ് ബില്യൺ ഡോളർ നഷ്ടത്തിന് കരണമാകുന്നുവെന്നാണ് കണക്കുകൾ.
അലർജി ബാധിക്കാൻ സാധ്യതയുള്ളവർക്ക് എളുപ്പത്തിൽ ഇതേക്കുറിച്ചറിയേണ്ട വിവരങ്ങൾ പാക്കേജിംഗിൽ നിന്ന് ലഭ്യമാകുന്നത് സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ നിർദ്ദേശം.
ഈ രംഗത്ത് മാറ്റങ്ങൾ നിർദ്ദേശിച്ചതിന് പിന്നാലെ 2017 മുതൽ FSANZ (ഓസ്‌ട്രേലിയ ന്യൂസീലാൻഡ് ഫുഡ് സ്റ്റാൻഡേർഡ്‌സ് കോഡ്) ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണം നടത്തിവരികയായിരിന്നു.
ബിസിനസ്സുകൾക്ക് ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ മൂന്ന് വർഷം സമയമാണ് അനുവദിച്ചിരിക്കുന്നത് . ഈ കാലയളവിൽ നിലവിലുള്ള ലേബലിംഗ് നിയമങ്ങൾ പാലിക്കുകയോ പുതിയ രീതിയിലേക്ക് മാറുകയോ ചെയ്യാമെന്നാണ് നിർദ്ദേശം.
കടപ്പാട്: SBS മലയാളം