പ്രവാസികൾക്ക് അഭിമാനമായി അനീഷ് ജോൺ; ചാൾസ് രാജാവിന്റെ പ്രതിനിധിയായി നിയമനം

ബ്രിസ്ബെയ്ൻ: സത്യസന്ധതയും സമർപ്പിത സേവനവും കൈമുതലാക്കി പ്രവാസി മലയാളികൾക്കാകെ അഭിമാനമായിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള അനീഷ് ജോൺ. സേവനത്തിന്റെ പതിനഞ്ചാണ്ടുകൾക്കൊടുവിൽ അനീഷ് നടന്നുകയറിയത് ക്വീൻസ്‌ലാൻഡിന്റെ ഔദ്യോഗിക മുദ്ര എന്ന അംഗീകാരത്തിലേക്കാണ്.

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയാണ് ഈ മലയാളി നിയമിതനായത്. ഇനി വാറന്റുകൾ പുറപ്പെടുവിക്കാനും ജാമ്യ അപേക്ഷകൾ പരിഗണിക്കാനും അനീഷ് ജോണിന്റെ കയ്യൊപ്പും മതിയാകും. ക്വീൻസ്‌ലാൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യങ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.

ക്വീൻസ്‌ലാൻഡിലെ നിയമനിർമ്മാണ പ്രക്രിയകളിൽ നിർണ്ണായക സ്വാധീനമാകാൻ ഒരുങ്ങുന്ന ഈ മലയാളി പതിനഞ്ച് വർഷത്തിലേറെയായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നു. നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ്. ഓസ്‌ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.

മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.

അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്‌ലാൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.

ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമായാണ് പ്രവാസി സമൂഹവും വിവിധ സമൂഹനേതാക്കളും ഇതിനെ സ്വാഗതം ചെയ്യുന്നത്. ഭാര്യ ടീന ജോൺ, മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ.

Related Articles

Back to top button