‘ആംല’ ലോഗോ പ്രകാശനം ചെയ്തു

ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി രൂപീകരിച്ച അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ക്യൂന്‍സ്​ലാൻഡിലെ ബ്രിസ്ബെന്‍ മൗണ്ട് ഗ്രാവറ്റിൽ നടന്ന ചടങ്ങിൽ നടിമാരായ ലിംസി, മേരി, ഇന്ദു, ജയലക്ഷ്‍മി, സൂര്യ, ടെസ്സ, ഷീജ, ജിബി, സജനി, തങ്കം, ജിൻസി, സതി, പ്രൈസി, ഷീബ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

നടനും സംവിധായകനും ആംല പ്രസിഡന്റുമായ ജോയ് കെ. മാത്യു അധ്യക്ഷനായിരുന്നു. ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ്, അസറ്റ്‌ മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി, സുനിൽ, ആൻ മേരി ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ആംല സെക്രട്ടറി ഡോ.ചൈതന്യ ഉണ്ണി, വൈസ് പ്രസിഡന്റ് സി.പി.സാജു, ട്രഷറർ ഷാമോൻ, ജോയിന്റ് സെക്രട്ടറി ജോബിഷ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളും നടന്മാരുമായ മാർഷൽ, ഷിബു, പൗലോസ്, ഷാജി, ജോസ്, സണ്ണി ജോർജ്, ക്ലമന്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അടുത്തിടെയാണ് ഓസ്‌ട്രേലിയയിലെ മലയാള സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളി നടീനടന്മാരെയും ചലച്ചിത്ര കലാസ്വാദകരെയും ഉൾപ്പെടുത്തി അസോസിയേഷൻ ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ എന്ന സംഘടന രൂപീകരിച്ചത്.

സൗജന്യ ചലച്ചിത്ര കലാ പരിശീലനം, സിനിമാ നിർമാണവും പ്രദർ‍ശനവും, സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ക്യൂൻസ്​ലാൻഡിലെത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകർക്ക് ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മിക്കുന്ന കുടുംബചിത്രങ്ങള്‍ വിദേശത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. ഇത്തരമൊരു ചലച്ചിത്ര സംഘടന കേരളത്തിന് പുറത്ത് ഇതാദ്യമാണ്.

Related Articles

Back to top button