നേപ്പാളിലെ പ്രളയത്തിൽ സിഡ്‌നി മലയാളി കുടുംബത്തെ കാണാതായി; ഓസ്‌ട്രേലിയൻ സർക്കാരിന്റെ സഹായം തേടി ഓൺലൈൻ പെറ്റീഷൻ

സിഡ്‌നി: നേപ്പാളിലെ രസുവ (Rasuwa) മേഖലയിലുണ്ടായ വിനാശകരമായ പ്രളയദുരന്തത്തിൽ ന്യൂ സൗത്ത് വെയിൽസിലെ ചെറിബ്രൂക്കിൽ നിന്നുള്ള മലയാളി കുടുംബത്തെ കാണാതായ സംഭവം പ്രവാസി സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു.

സിഡ്‌നിയിലെ പ്രവാസി മലയാളി സമൂഹത്തിൽ സുപരിചിതനും ആദരണീയനുമായ ശ്രീധരൻ അയ്യർ, ലക്ഷ്മി അയ്യർ, റിഷഭ് അയ്യർ ശ്രീധരൻ, രുദ്ര ശ്രീധരൻ അയ്യർ എന്നിവരടങ്ങുന്ന കുടുംബത്തെയാണ് കാണാതായിരിക്കുന്നത്‌. നേപ്പാളിലെ സ്യാപ്രു ബെസിയിലുള്ള (Syapru Besi) യാല പീക്ക് ഗസ്റ്റ് ഹൗസിന് (Yala Peak Guest House) സമീപമായിരുന്നു ഇവരുടെ അവസാനമായി രേഖപ്പെടുത്തിയ ലൊക്കേഷൻ.

ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെയോടെയായിരുന്നു മേഖലയെ തകർത്തുകൊണ്ട് പ്രളയമുണ്ടായത്. ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമാ കാത്തത് പ്രവാസി സമൂഹത്തിലും ബന്ധുക്കളിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

കാണാതായ പൗരന്മാരെ കണ്ടെത്തുന്നതിനും നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന തിനും ഓസ്‌ട്രേലിയൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മലയാളി സമൂഹം ഓൺലൈൻ പെറ്റീഷൻ ക്യാമ്പയിൻ ആരംഭിച്ചു.

ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നേപ്പാളിലേക്ക് സൈനിക-ദുരിതാശ്വാസ സംഘങ്ങളെ നിയോഗിക്കണമെന്നുമാണ് പെറ്റീഷനിലെ പ്രധാന ആവശ്യം. ദുരന്തബാധിതർക്ക് വൈദ്യസഹായവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനൊപ്പം തെരച്ചിൽ ഊർജ്ജിതമാക്കാൻ സൈന്യത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ക്യാമ്പയിൻ ചൂണ്ടിക്കാട്ടുന്നു

കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനും അധികാരികളുടെ അടിയന്തര ശ്രദ്ധയും ഊർജ്ജിതമായ തെരച്ചിലും ഉറപ്പാക്കാനുമായി മലയാളി കൂട്ടായ്മ പെറ്റീഷനുമായി രംഗത്തെ ത്തിയിട്ടുണ്ട്.

ഈ നിർണ്ണായക ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കണമെന്നും, പെറ്റീഷനിൽ പങ്കുചേർന്ന് ലിങ്ക് പരമാവധി സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും പങ്കുവെക്കണമെന്നും പ്രവാസി സമൂഹം അഭ്യർത്ഥിച്ചു. ഓരോരുത്തരുടെയും പിന്തുണ കുടുംബത്തിനായുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

പെറ്റീഷനിൽ പങ്കാളിയാകാനും പിന്തുണ അറിയിക്കാനുമുള്ള ലിങ്ക്: https://c.org/rG4hGP4Z2w

Related Articles

Back to top button