ഓസ്‌ട്രേലിയയിൽ പുതിയ കുടിയേറ്റ നയം നിലവിൽ വന്നു; അപേക്ഷാ ഫീസുകൾ ഉയർത്തി

ക്യാൻബറ: രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും വിസ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ഓസ്‌ട്രേലിയൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമഗ്ര കുടിയേറ്റ നയം നിലവിൽ വന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ, വിദഗ്ധ തൊഴിലാളികൾ, കുടുംബ സ്പോൺസർഷിപ്പുകൾ എന്നിവരെ നേരിട്ട് ബാധിക്കുന്ന വൻ മാറ്റങ്ങളാണ് ഇതിലൂടെ പ്രാബല്യത്തിലായിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം (Department of Home Affairs) നടപ്പിലാക്കിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
- ഒൻഷോർ അപേക്ഷകർക്ക് മുൻഗണന: നിലവിൽ ഓസ്‌ട്രേലിയയിലുള്ളവർക്ക് സ്ഥിരതാമസത്തിന് (PR) ഇനി മുതൽ മുൻഗണന ലഭിക്കും. ആകെ നീക്കിവെച്ചിട്ടുള്ള 1,85,000 പെർമനന്റ് മൈഗ്രേഷൻ സീറ്റുകളിൽ 1,29,590 എണ്ണവും രാജ്യത്തിനുള്ളിലുള്ളവർക്കായി (Onshore) മാറ്റിവെച്ചു. ഫാമിലി വിസ അപേക്ഷകളും രാജ്യത്തിനുള്ളിലുള്ളവർക്ക് വേഗത്തിൽ തീർപ്പാക്കി നൽകും.
- ‘വിസ ഹോപ്പിംഗ്’ പൂർണ്ണമായി നിരോധിച്ചു: താൽക്കാലിക വിസകളിൽ എത്തിയ ശേഷം സ്റ്റുഡന്റ് വിസയിലേക്ക് (Subclass 500) മാറുംവിധമുള്ള ‘വിസ ഹോപ്പിംഗ്’ പൂർണ്ണമായി തടഞ്ഞു. ഇനിമുതൽ വിസിറ്റർ വിസയിലുള്ളവർക്കും (Subclass 600) ഗ്രാജുവേറ്റ് വിസയിലുള്ളവർക്കും (Subclass 485) രാജ്യത്തിരുന്ന് സ്റ്റുഡന്റ് വിസയിലേക്ക് മാറാൻ സാധിക്കില്ല. ഇവർ സ്വന്തം രാജ്യങ്ങളിൽ തിരികെ എത്തി പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും.
- അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി: അടിസ്ഥാന വിസ അപേക്ഷാ ഫീസുകളിൽ 25 ശതമാനത്തോളം വർധന വരുത്തി. സ്റ്റുഡന്റ് വിസ ഫീസിലാണ് ഏറ്റവും ഉയർന്ന വർധന. പൗരത്വ രജിസ്ട്രേഷൻ, അഡ്മിനിസ്‌ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണൽ (ART), ഫെഡറൽ കോർട്ട് അപ്പീൽ ഫീസുകളും ഉയർത്തിയിട്ടുണ്ട്.
- കുറഞ്ഞ ശമ്പള പരിധി (TSMIT) ഉയർത്തി: സ്കിൽഡ് വിസകളിൽ തൊഴിലുടമകൾ നൽകേണ്ട കുറഞ്ഞ ശമ്പള പരിധി 79,423 ഓസ്‌ട്രേലിയൻ ഡോളറായി (പ്ലസ് സൂപ്പർഅനുവേഷൻ) ഉയർത്തി. ഇത് സബ്ക്ലാസ് 482, സബ്ക്ലാസ് 186 എന്നിവയിലെ പുതിയ അപേക്ഷകൾക്ക് ബാധകമായിരിക്കും.
അതേസമയം, ആരോഗ്യം, റീജിയണൽ മേഖലകളിലെ അധ്യാപനം, നിർണായക അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ വിസകളിൽ മുൻഗണന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



