വിസാ പ്രതിസന്ധി; ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കു നിവേദനം നൽകി കാത്തലിക് കോൺഗ്രസ്

മെൽബൺ: മെൽബൺ: ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബൽ തങ്ങളുടെ കൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവെച്ചത് ഓസ്‌ട്രേലിയയിലെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെയും ഒസിഐ കാർഡുടമകളെയും വലിയ പ്രതിസന്ധിയിലാക്കി.

പ്രവാസികൾ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കാത്തലിക് കോൺഗ്രസ് ഓസ്‌ട്രേലിയ അടിയന്തര നിവേദനം നൽകി. ജൂലൈ ഒന്ന് മുതൽ സേവനങ്ങൾ തടസപ്പെട്ടതോടെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് കടുത്ത ആശങ്കയിലായിരിക്കുന്നത്.

ഇന്ത്യൻ ഹൈക്കമ്മീഷൻ വഴിയും കൺസുലേറ്റുകൾ വഴിയും അടിയന്തര വിസ/പാസ്‌പോർട്ട് സേവനങ്ങൾക്കായി ബദൽ സംവിധാനങ്ങൾ എത്രയും വേഗം ഒരുക്കണമെന്ന് കാത്തലിക് കോൺഗ്രസ് ആവശ്യപ്പെടുന്നു. നിലവിലെ സേവന തടസം മൂലം പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വിഷയത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്കൂൾ അവധിക്കാലമായതിനാൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്ന നിരവധി കുടുംബങ്ങൾ സേവനങ്ങൾ നിലച്ചതോടെ വഴിമുട്ടി നിൽക്കുകയാണ്. മെഡിക്കൽ അത്യാവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നാട്ടിലേക്ക് പോകേണ്ടവർക്ക് പോലും രേഖകൾ പുതുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

കൂടാതെ പാസ്‌പോർട്ട് കാലാവധി തീരാറായവർക്ക് വിസാ സ്റ്റാറ്റസിനെ ബാധിക്കുന്ന നിയമപരമായ പ്രതിസന്ധികളും, ടിക്കറ്റ് ബുക്ക് ചെയ്തവരുടെ അപേക്ഷകൾ കുടുങ്ങിക്കിടക്കുന്ന സാമ്പത്തിക നഷ്ടവും പ്രവാസികൾ നേരിടുന്നുണ്ട്.

Related Articles

Back to top button