ഓസ്ട്രേലിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ദേശീയ സർവ്വേ; നിങ്ങൾക്കും പങ്കെടുക്കാം

കാൻബെറ: ഓസ്ട്രേലിയയിൽ ക്രിസ്തീയ വിശ്വാസികളും സ്ഥാപനങ്ങളും നേരിടുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളികൾ രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പഠന റിപ്പോർട്ട് മെയ് മാസത്തിൽ പുറത്തിറങ്ങും.
കാൻബെറയിലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘ഓസ്ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സി’ന് മുന്നോടിയായി വിപുലമായ ദേശീയ സർവേയ്ക്ക് രാജ്യത്ത് തുടക്കമായി. ഓസ്ട്രേലിയയിലെ എട്ട് അധികാരപരിധികളിലും മതസ്വാതന്ത്ര്യം എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുന്നതാണ് ഈ സമഗ്ര വാർഷിക റിപ്പോർട്ട്.
ഇതിൻ്റെ ആദ്യ ലക്കത്തിൽ 2025 ൽ ക്രിസ്ത്യാനികൾ നേരിട്ട വെല്ലുവിളികളും വിവേചനങ്ങളുമാണ് ഉൾപ്പെടുത്തുന്നത്.
ലക്ഷ്യം 10,000 പേരുടെ പങ്കാളിത്തം രാജ്യത്തെ വിശ്വാസികളുടെ വ്യക്തിപരമായ അനുഭവങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനാണ് ദേശീയ സർവേ ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞത് 10,000 പേരുടെയെങ്കിലും പ്രതികരണങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
പങ്കാളിത്തം വർദ്ധിക്കുന്നതിലൂടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിയമപരമായി കൂടുതൽ അംഗീകരിക്കപ്പെടും.
ക്രിസ്ത്യൻ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത നിയമപരമായ സമ്മർദങ്ങൾ റിപ്പോർട്ടിൽ പ്രത്യേകം വിലയിരുത്തും. മതസ്ഥാപനങ്ങൾക്കുള്ള വിവേചനവിരുദ്ധ ഇളവുകൾ, വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള 25 സൂചകങ്ങളെ അടിസ്ഥാനമാക്കി ഓരോ സ്റ്റേറ്റുകൾക്കും പ്രത്യേക സ്കോർകാർഡ് നൽകും.
ഓസ്ട്രേലിയൻ നിയമം മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കപ്പെടേണ്ട ഒരു ‘മൗലിക അവകാശമായി’ കാണുന്നില്ല എന്നതാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന ആശങ്ക. മറിച്ച് മതസ്വാതന്ത്ര്യത്തെ കേവലം ഒരു ‘ഇളവ്’ (exemption) മാത്രമായി ചുരുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ കൃത്യമായ കണക്കുകളോടെ പ്രതിരോധം തീർക്കുകയാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സിൻ്റെ ലക്ഷ്യം.
ജോലി സ്ഥലങ്ങളിൽ സ്വന്തം വിശ്വാസം മറച്ചുവെക്കാൻ നിർബന്ധിതരായിട്ടുണ്ടോ? ബൈബിളിലധിഷ്ഠിതമായ വിശ്വാസങ്ങളുടെ പേരിൽ ശത്രുതയോ വിവേചനമോ നേരിടേണ്ടി വന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് സർവേ പ്രധാനമായും ചോദിക്കുന്നത്. പങ്കെടുക്കുന്നവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തേണ്ടതില്ല. പൂർണമായും രഹസ്യമായി സർവേയിൽ പങ്കെടുക്കാം. സർവേ അവസാനിക്കുമ്പോൾ ശേഖരിച്ച വ്യക്തിഗത വിവരങ്ങളെല്ലാം നശിപ്പിച്ചുകളയും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വരുംദിവസങ്ങളിൽ പാർലമെന്ററി ചർച്ചകൾക്കും, അവകാശപ്പോരാട്ടങ്ങൾക്കും നിർണ്ണായക തെളിവായി മാറും. കേവലം വാമൊഴിയായി പറയുന്ന കാര്യങ്ങളെക്കാൾ കൃത്യമായ ഡാറ്റയ്ക്ക് നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിനാൽ രാജ്യത്തെ മുഴുവൻ ക്രിസ്തീയ വിശ്വാസികളും സർവേയുടെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പൂർത്തിയാക്കാൻ വെറും മൂന്ന് മുതൽ അഞ്ചു മിനിറ്റ് വരെ മാത്രമേ ആവശ്യമുള്ളൂ.
സർവേയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



