പരിചരണ സഹായം വൈകുന്നത് മൂലം ഓസ്‌ട്രേലിയയിൽ മരിച്ചത് 5000 ത്തോളം വയോധികർ

മെൽബൺ: ഓസ്‌ട്രേലിയയിലെ വയോജന പരിചരണ സംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. അർഹമായ വീട്ടുപരിചരണ സഹായത്തിനായി കാത്തിരിക്കുന്നതിനിടയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,812 വയോധികർ മരിച്ചതായി സെനറ്റ് കമ്മിറ്റിയിൽ വെളിപ്പെടുത്തി.

വയോജനങ്ങൾക്ക് സഹായമെത്തിക്കുന്നതിലെ കാലതാമസം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുകയാണ്. വയോജനങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന വികാരനിർഭരമായ ഒരു ഉദാഹരണം നാഷണൽ പാർട്ടി സെനറ്റർ ബ്രിഡ്ജെറ്റ് മക്കെൻസി കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി.

വിക്ടോറിയയിൽ നിന്നുള്ള 99 വയസുകാരായ ഫ്രാങ്ക്, വൽമ ദമ്പതികൾക്ക് തങ്ങളുടെ പരിചരണ പാക്കേജ് അപ്‌ഗ്രേഡ് ചെയ്യാൻ ഇനിയും 12 മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും അർഹമായ സാമ്പത്തിക സഹായം ലഭിക്കാതെ ഇവർ കാത്തിരിക്കേണ്ടി വരും.

ഭവനരഹിതരാകാൻ സാധ്യതയുള്ളവർ, ആദിമ നിവാസികൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെടാത്തതിനാൽ ഈ ദമ്പതികളെ ‘മുൻഗണനയുള്ളവർ’ ആയി കണക്കാക്കാൻ കഴിയില്ലെന്നാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. കഴിഞ്ഞ നവംബറിൽ നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങൾക്ക് ശേഷവും കാത്തിരിപ്പ് പട്ടിക നീളുകയാണ്.

കഴിഞ്ഞ ഡിസംബർ 31-ലെ കണക്കനുസരിച്ച് 1,31,366 ഓസ്‌ട്രേലിയക്കാരാണ് തങ്ങൾ അർഹരായ ഹോം കെയർ പാക്കേജിനായി കാത്തിരിക്കുന്നത്. ഇതിൽ 94,463 പേർക്ക് ഇതുവരെ യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചുതുടങ്ങിയിട്ടില്ല. ബാക്കിയുള്ളവർക്ക് അവർക്ക് ലഭിക്കേണ്ട തുകയുടെ 60 ശതമാനം മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അർഹമായ ഫണ്ടിന്റെ 60 ശതമാനമെങ്കിലും ലഭിക്കാൻ പോലും നിലവിൽ ശരാശരി ഒൻപത് മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. രാജ്യത്തെ വയോജനങ്ങളുടെ ജീവിതം വെച്ച് അധികൃതർ പന്താടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related Articles

Back to top button