‘ഭാര്യയെ കൊന്നത് ഞാനാണ്, പക്ഷേ കൊലക്കുറ്റം ചുമത്താൻ പാടില്ല’; വിചിത്രവാദവുമായി ഇന്ത്യക്കാരൻ

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കോടതിയിൽ സമ്മതിച്ചു. അതേസമയം, തനിക്കെതിരെ കൊലക്കുറ്റം ചുമത്താൻ പാടില്ലെന്നാണ് പ്രതിയുടെ വാദം.
2023 ഡിസംബറിലാണ് വിക്രാന്ത് താക്കൂർ (42) ഭാര്യയെ കൊലപ്പെടുത്തിയത്. അറസ്റ്റിന് ശേഷം രണ്ടാം തവണയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. മനഃപൂർവമില്ലാത്ത നരഹത്യയായി സംഭവം പരിഗണിക്കണമെന്നാണ് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ഡിസംബർ 21ന് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കോൾ വന്നതിനെത്തുടർന്ന് അഡ്‌ലെയ്ഡിലെ നോർത്ത്ഫീൽഡിലേക്ക് പൊലീസ് എത്തുകയായിരുന്നു. വിക്രാന്ത് താക്കൂറിന്റെ വീട്ടിലെത്തിയ പൊലീസ് സുപ്രിയ താക്കൂറിനെ അബോധാവസ്ഥയിൽ കണ്ടെത്തി.
സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.



