പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

സിഡ്നി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

“ജമ്മു കശ്മീരിൽ ഒറ്റരാത്രികൊണ്ട് നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണം തന്നെ ഞെട്ടിച്ചു. ഈ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല, ഓസ്ട്രേലിയ അതിനെ അപലപിക്കുന്നു” ആന്തണി ആൽബനീസ് പ്രസ്താവനയിൽ അറിയിച്ചു.

പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെ കൂടാതെ രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്.

ട്രക്കിങ്ങിനു മേഖലയിലേക്കു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുളള സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിടണം.

Related Articles

Back to top button