വടക്കൻ ക്യൂൻസ്‌ലാൻഡിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് പേരെ മാറ്റി പാർപ്പിച്ചു

ടൗൺസ്വിൽ: ഓസ്ട്രേലിയയിലെ വടക്കൻ ക്യൂൻസ്‌ലാൻഡിൽ വെള്ളപ്പൊക്കം. മൂന്നുദിവസമായി തുടരുന്ന മഴയിൽ നോർത്തേൺ ക്യൂൻസ്‌ലാൻഡിലെ പ്രധാനപ്പെട്ട പട്ടണങ്ങളായ ടൗൺസ്വിൽ, ഇൻഗാം, റ്റളി, കാർഡ്വെൽ, റോളിങ്ങ് സ്‌റ്റൺ ഇവയെല്ലാം കനത്ത മഴക്കെടുതികൾ നേരിടുകയാണ്.

ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ 60 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു.

മുന്നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന നോർത്തേൺ ക്യൂൻസ്‌ലാൻഡിലെ പ്രധാനപ്പെട്ട പട്ടണമാണ് ടൗൺസ്വിൽ. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

ടൗൺസ്വില്ലിന്റെ വടക്കൻ ഭാഗത്തുള്ള പ്രദേശങ്ങളിൽ 19 മണിക്കൂറിനുള്ളിൽ 600 മില്ലിമീറ്റർ അധികം മഴ രേഖപ്പെടുത്തി.

വ്യാഴാഴ്ച വരെ 800 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ ഒഴിപ്പിക്കപ്പെട്ട താമസക്കാർ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോവരുതെന്ന് ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസ ഫുള്ളി മുന്നറിയിപ്പ് നൽകി.

മേഖലയിലെ പ്രധാന നദികൾ എല്ലാം നിറഞ്ഞൊഴുകുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വാരാന്ത്യത്തിൽ പ്രതികൂല കാലാവസ്ഥ മൂലം അടച്ചിട്ട ടൗൺസ്വിൽ വിമാനത്താവളം തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനം പുനരാരംഭിച്ചു.

ബ്രൂസ് ഹൈവേയിൽ പലയിടങ്ങളിലായി ഉണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെ സാരമായി ബാധിച്ചു, മേഖലയിലെ നിരവധി ഇടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടു.

Related Articles

Back to top button