50 വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ ട്രേസി ചുഴലിക്കാറ്റ് ജീവനെടുത്ത മലയാളിക്കായി അന്വേഷണം

മെൽബൺ: വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.

അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും അതിൽ ജീവൻ പൊലിഞ്ഞ മാലിനിയുടെയും കഥ 50–ാം വാർഷികത്തിൽ ഓർമിപ്പിക്കുന്നത് ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ ശിലാഫലകം; അതിൽ ചരിത്രം കുറിച്ചിട്ട മലയാള വാക്കുകൾ. മാലിനി പാലത്തിൽ ബെൽ എന്ന് മലയാളത്തിൽ പേരു കൊത്തിവച്ചിരിക്കുന്നു. താഴെ ഭഗവത്ഗീതയിലെ വരി: ‘ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ’.

ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഈ പേരിനു പിറകെയാണ് ഈ ക്രിസ്മസ് ദിനത്തിൽ. ഡാർവിനിലെ ഭൂരിപക്ഷം മലയാളികളും അറിയാതെ പോയ മാലിനിയുടെ കഥ പുറത്തെത്തിച്ചത് ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രികൂടിയായ മലയാളി ജിൻസൺ ആന്റോ ചാൾസ്.

മാലിനിയുടെ കല്ലറ കണ്ടെത്തിയതോടെ വിനു എന്ന സുഹൃത്തിന്റെ സഹായത്തോടെ ജിൻസൻ ഡാർവിനിലെ ശ്രീ സിദ്ധി വിനായക അമ്പലത്തിൽ ഹൈന്ദവാചാരപ്രകാരം പൂജയും ക്രമീകരിച്ചു. ക്രിസ്മസ് ദിനത്തിൽ നടക്കുന്ന പൂജയിലേക്കു മലയാളികളെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴും അജ്ഞാതയായി നിൽക്കുകയാണ് മാലിനി.

Related Articles

Back to top button