കോവിഡ് റിപ്പോര്‍ട്ടിംഗ്: ഐഎച്ച്‌എൻഎ അവാർഡുകൾ സമ്മാനിച്ചു
കോവിഡ് ദുരന്തകാലത്ത് മുന്നണി പോരാളികളായ നഴ്‌സുമാരോടെപ്പം ജനപക്ഷത്ത് നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്ത മലയാള മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും മെൽബൺ ആസ്ഥാനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്‌സിങ് ഓസ്‌ട്രേലിയ (ഐഎച്ച്‌എൻഎ) പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു.
കോവിഡ്‌കാല റിപ്പോർട്ടിങ് മികവിനുള്ള ജനരക്ഷാ പുരസ്‌കാരം അച്ചടിമാധ്യമ വിഭാഗത്തിൽ ദേശാഭിമാനിക്കുവേണ്ടി കൊച്ചി ബ്യൂറോ ചീഫ് ടി ആർ അനിൽകുമാർ ഏറ്റുവാങ്ങി. ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിനുവേണ്ടി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ഡി പ്രമേഷ്‌കുമാർ അവാർഡ് സ്വീകരിച്ചു.
ഒരുലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഓസ്‌ട്രേലിയ ഹെൽത്ത് കരിയർ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് നഴ്‌സിങ് മേധാവി ഡോ. ലിസ വുഡ്‌മാൻ സമ്മാനിച്ചു.
കോവിഡ് കാലത്ത് മികച്ചരീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന് റെജി ജോസഫ് (ദീപിക), കൃപ നാരായണന്‍ (മീഡിയ വണ്‍), ലിജോ ടി ജോര്‍ജ് (മാതൃഭൂമി), പി എസ് റംഷാദ് (സമകാലിക മലയാളം) എന്നിവര്‍ക്ക് 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു.
കൊച്ചി ലേ മെറിഡിയൻ ഹാളിൽ നടന്ന അവാർഡുദാനച്ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ചീഫ് സെക്രട്ടറി വി പി ജോയി മുഖ്യപ്രഭാഷണം നടത്തി.
എ എം ആരിഫ് എംപി, ഉമ തോമസ് എംഎൽഎ, മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്‌ണൻ, ചലച്ചിത്ര താരം സിജു വിൽസൺ, ഐഎച്ച്‌എൻഎ സിഇഒ ബിജോ കുന്നുംപുറത്ത്, മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി, ഡോ. ഫിലോമിന എന്നിവർ സംസാരിച്ചു.