സിഡ്‌നി മലയാളികളുടെ മൾട്ടി കൾച്ചറൽ കാര്‍ണിവല്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ സിഡ്‌നി മലയാളി അസോസിയേഷന്‍ (സിഡ്മല്‍) കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. മേയ് 13നു ന്യൂ സൗത്ത് വെയിൽസ് സര്‍ക്കാരിന്റെ മള്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്റെ പിന്തുണയോടെയാണ് പരിപാടി. ലിവര്‍പൂളിലെ വിറ്റ്‌ലം ലിഷര്‍ സെന്ററില്‍ വൈകിട്ട് നാലിനു പരിപാടി ആരംഭിക്കും.

ഓസ്‌ട്രേലിയയില ആദ്യത്തെ മലയാളി അസോസിയേഷനുകളിലൊന്നാണ് സിഡ്‌നി മലയാളി അസോസിയേഷന്‍. മലയാളികള്‍ക്കപ്പുറം മറ്റുജനസമൂഹങ്ങളെയും കൂടി കോര്‍ത്തിണക്കി ഓസ്‌ട്രേലിയന്‍ ബഹുസ്വരത ആഘോഷിക്കുന്നതിനായാണ് മള്‍ട്ടി കള്‍ച്ചറല്‍ കാര്‍ണിവല്‍ നടത്തുന്നത്.

ഒന്നിലേറെ മെഗാ നൃത്തപരിപാടികള്‍, ഫാഷന്‍ ഷോ, വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ഭക്ഷണ സ്റ്റാളുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ഫണ്‍ റൈഡുകള്‍ തുടങ്ങിയവയെല്ലാം കാര്‍ണിവല്‍ വേദിയിലുണ്ടാകും. ഓസ്‌ട്രേലിയന്‍ ബഹുസാംസ്‌കാരികതയുടെ പ്രതീകമായി, വിവിധ തരം കലാപരിപാടികളാകും അരങ്ങേറുക.

46 വര്‍ഷം മുമ്പ് തുടക്കമിട്ട സിഡ്‌നി മലയാളിഅസോസിയേഷന്‍, സിഡ്‌നിയിലെയും ന്യൂ സൗത്ത് വെയില്‍സിന്റെ മറ്റു പ്രദേശങ്ങളിലെയും മലയാളികളെ കോര്‍ത്തിണക്കി നടത്തുന്ന വിവിധ പരിപാടികളുടെതുടര്‍ച്ചയാണ് ഇത്. രണ്ടായിരത്തിലേറെ പേര്‍ കാര്‍ണിവല്‍വേദിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയയില്‍ റജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയുമാണ് സിഡ്മല്‍.

Related Articles

Back to top button